രാജമൗലിയുടെ മഹേഷ് ബാബു ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും

Sunday 25 August 2024 2:52 AM IST

താരനിർണയം പൂർത്തിയാകുന്നു

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും. പൃഥ്വിരാജ് പ്രതിനായകനായാണ് എത്തുന്നത്. മോഹൻലാൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആദ്യമായാണ് മോഹൻലാലും പൃഥ്വിരാജും ഒരു അന്യഭാഷാ ചിത്രത്തിൽ ഒരുമിക്കുന്നത്. ഇന്തോനേഷ്യൻ താരം ചെൽസ എെലൻ ആണ് നായിക. നാഗാർജ്ജുന, ദീപിക പദുകോൺ എന്നിവരും തിരനിരയിലുണ്ടാകുമെന്നാണ് വിവരം. താരനിർണയം ഏകദേശം പൂർത്തിയായി കഴിഞ്ഞു. ചെൽസ എെലൻ ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇൗവർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് രാജമൗലിയുടെ തീരുമാനം. 2028 ൽ ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് എസ്.എസ്. എം. ബി 29 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ബാഹുബലി, ആർ.ആർ.ആർ എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ.

ആഫ്രിക്കൻ വനാന്തരങ്ങളിലാണ് ചിത്രീകരണം. രാജമൗലിയുടെ സ്വപ്നപദ്ധതികളിൽ ഒന്നായ ഗരുഡയാണോ പുതിയ ചിത്രമെന്ന് ചലച്ചിത്ര പ്രേമികൾ ഉറ്റുനോക്കുന്നുണ്ട്. എന്നാൽ ഒരുങ്ങുന്നത് ഗരുഡയല്ലെന്നും ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥാപാത്രത്തെ മഹേഷ് ബാബു അവതരിപ്പിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ആർ.ആർ. ആറിന്റെ ജപ്പാൻ പ്രീമിയറിലാണ് മഹേഷ് ബാബുവിനൊപ്പമാണ് തന്റെ അടുത്ത ചിത്രമെന്ന് രാജമൗലി പ്രഖ്യാപിച്ചത്.

Advertisement
Advertisement