തിരുവട്ടാറിൽ മുഖംമൂടി സംഘം; 78 പവൻ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ

Sunday 25 August 2024 1:26 AM IST

നാഗർകോവിൽ: തമിഴ്നാട്ടിലെ തിരുവട്ടാറിൽ ബിസിനസുകാരന്റെ വീട്ടിൽ നിന്ന് 78 പവനും 50,​000 രൂപയും കവർന്ന കേസിൽ രണ്ടുപേരെ തമിഴ്നാട് പൊലീസിന്റെ പ്രത്യേകസംഘം പിടികൂടി. തിരുവട്ടാർ,വിയനൂർ സ്വദേശി മോഹൻദാസിന്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിലാണ് ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി കാമവരാപ്പുക്കോട്ട മണ്ഡൽ കൊടുങ്കുളം സ്വദേശി അനിൽ കുമാർ (34),വിരുതനഗർ ശിവകാശി അനന്ത പാണ്ടാർ സ്ട്രീറ്റ് പാർത്ഥിപൻ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം.

സ്വകാര്യ ഫൈനാൻസ് സ്ഥാപനം നടത്തുന്ന മോഹൻദാസിന് പെട്രോൾ പമ്പുമുണ്ട്. പുലർച്ചെയോടെ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ മോഹൻദാസിനെ മർദ്ദിക്കുകയും മക്കളായ എം.ബി.ബി.എസ് വിദ്യാർത്ഥികളായ ആരതിയുടെയും അക്ഷയയുടെയും കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയുമാണ് കവർച്ച നടത്തിയത്. അലമാരയിലുണ്ടായിരുന്ന സ്വർണവും മക്കളുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളുമാണ് കവർന്നതെന്നാണ് പരാതി.

ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതികളുടെ കൈവശം നിന്ന് 47 പവൻ സ്വർണവും പിടിച്ചെടുത്തു. തിരുവട്ടാർ സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

Advertisement
Advertisement