പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം , 10 വർഷം സർവീസിന് 10,000 രൂപ പെൻഷൻ

Sunday 25 August 2024 4:37 AM IST

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ അടക്കം തിരിച്ചടിയായ പഴയ പെൻഷൻ പദ്ധതി പിൻവലിച്ചതിലെ പ്രതിഷേധം മറികടക്കാൻ കേന്ദ്ര ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതിക്ക് (യു.പി.എസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2025 ഏപ്രിൽ ഒന്നിന് നിലവിൽ വരും. സംസ്ഥാന സർക്കാരുകൾക്കും ഇത് മാതൃകയാക്കാം.

23 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് പ്രയോജനം കിട്ടുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാന സർക്കാരുകളും നടപ്പാക്കിയാൽ 90ലക്ഷം ജീവനക്കാർക്ക് പ്രയോജനമാകും. ജീവനക്കാർക്ക് നിലവിലെ ദേശീയ പെൻഷൻ പദ്ധതിയിൽ ( എൻ.പി.എസ്)​ തുടരാനും യു.പി.എസിനും ഓപ്ഷൻ നൽകും.

പദ്ധതി ഇങ്ങനെ:

പ്രയോജനം കുറഞ്ഞത് 25 വർഷം സർവീസുള്ളവർക്ക്.

അവസാന12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 % പെൻഷൻ.

 60% കുടുംബ പെൻഷൻ

 ജീവനക്കാരുടെ വിഹിതം 10% സർക്കാർ വിഹിതം 18.5% (നിലവിൽ 14%)​

 10 വർഷം സർവീസ് ഉള്ളവർക്ക് 10,000 രൂപ മാസ പെൻഷൻ.

 വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റിക്കു പുറമെ ലപ്‌സം പേമെന്റ്

എൻ.പി.എസിൽ ഉള്ളവർക്കും അംഗമാകാം. പദ്ധതി പിന്നീട് മാറ്റാനാകില്ല. യു.പി.എസിലേക്ക് മാറിയാൽ അധിക വിഹിതം പി.പി.എഫ് പലിശ നിരക്കിൽ അടയ്‌ക്കാം.

പുതിയ പദ്ധതിയിലേക്ക് മാറുന്നവരുടെ കുടിശിക 800 കോടി അടക്കം വർഷം 6250 കോടിയോളം രൂപ കേന്ദ്രസർക്കാരിന് ബാദ്ധ്യത.

Advertisement
Advertisement