സൈബർ തട്ടിപ്പിന് മനുഷ്യക്കടത്ത്: പ്രതി അറസ്റ്റിൽ
തൃശൂർ: ഡാറ്റാ എൻട്രി ഓപറേറ്റർ ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി തൃശൂർ പെരിങ്ങോട്ടുകര വടക്കുമുറി പുത്തൻകുളം വീട്ടിൽ വിമലിനെ (33) മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. 2023 ജൂലായിലാണ് സംഭവം നടന്നത്. വിദേശത്ത് ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് മണ്ണുത്തി സ്വദേശിയിൽ നിന്ന് 1.3 ഒരു ലക്ഷം രൂപ വാങ്ങി കംബോഡിയയിലേക്ക് അയച്ചിരുന്നു. അവിടെ കെ.ടി.വി ഗാലക്‌സി വേൾഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി ഫേക്ക് ഐഡികളുണ്ടാക്കി സൈബർ തട്ടിപ്പു ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നത്രെ. ജോലിചെയ്യാൻ വിസമ്മതിച്ചപ്പോൾ പാസ്‌പോർട്ട് തിരികെ കൊടുക്കാതെ സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ട യുവാവ് ഇന്ത്യൻ എംബസി വഴിയാണ് നാട്ടിലെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി. മണ്ണുത്തി ഇൻസ്‌പെക്ടർ എം.കെ. ഷമീറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ കെ.ജി. ജയപ്രദീപ്, ജിജു പോൾ, എസ്.സി.പി.ഒമാരായ എൻ. പ്രശാന്ത്, ടി. ഉൻമേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.