ഷെയർ ട്രേഡിംഗ് തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
കൊല്ലം: ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം പൊന്നാനി ചീയന്നൂർ കൊട്ടിലിങ്ങൽ വീട്ടിൽ ഷംസുദ്ദീൻ (33), മലപ്പുറം തിരൂരങ്ങാടി പിലാത്തോട്ടത്തിൽ വീട്ടിൽ ഫസലു റഹ്‌മാൻ (21) എന്നിവരാണ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇവർ അറസ്റ്റിലായത്. ഷെയർ
ട്രേഡിംഗിലൂടെ വൻ തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുകയും തുടർന്ന് വ്യാജമായ ലാഭകണക്കുകൾ കാണിച്ച് ഇരകളുടെ വിശ്വാസം നേടി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
കൊല്ലം സ്വദേശിയിൽ നിന്ന് 1,37,99,000 രൂപ ഷംസുദ്ദീൻ ഉൾപ്പെട്ട സംഘവും ഓച്ചിറ സ്വദേശിയിൽ നിന്ന് 9,48,150 രൂപ ഫസലു റഹ്‌മാൻ ഉൾപ്പെട്ട സംഘവും തട്ടിയെടുത്തു. ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി എ.സി.പി എ.നസീറിന്റെയും കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെയും നേതൃത്വത്തിൽ എസ്.ഐമാരായ നന്ദകുമാർ, നിയാസ്, സി.പി.ഒമാരായ ജോസ് ജോൺസൺ, ജിജോ, ഹരി കുമാർ, ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.