എലികളെ 'ബോംബിട്ട് കൊല്ലാൻ" ദക്ഷിണാഫ്രിക്ക !

Monday 26 August 2024 7:00 AM IST

ജോഹന്നസ്ബർഗ് : ആൽബട്രോസ് അടക്കം കടൽപക്ഷികളെ ജീവനോടെ ഭക്ഷിക്കുന്ന എലികളെ 'ബോംബിട്ട് " കൊല്ലാനുള്ള ആലോചനയിൽ ദക്ഷിണാഫ്രിക്ക. കേപ് ടൗണിന് തെക്കുകിഴക്കായി 2,​000 കിലോമീറ്റർ അകലെയുള്ള ജനവാസമില്ലാത്ത മാരിയോൺ ഐലൻഡിലാണ് എലി ശല്യം തലവേദനയാകുന്നത്. ദ്വീപിൽ മുട്ടയിടാനെത്തുന്ന കടൽപക്ഷികളെയാണ് ആയിരക്കണക്കിന് എലികൾ ലക്ഷ്യമാക്കുന്നത്.

മുട്ടകൾ അകത്താക്കുന്ന എലികളെ കീടനാശിനികൾ അടങ്ങിയ ടൺ കണക്കിന് പെല്ലറ്റ് ബോംബുകളിട്ട് കൊല്ലാനാണ് നീക്കം. ലോകത്ത് ഏറ്റവും വലിയ ചിറകുകളുള്ള പക്ഷി ആൽബട്രോസാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലാണ് നാലിലൊന്ന് ആൽബട്രോസ് പക്ഷികളും മുട്ടയിടുന്നത്.

പൂർണ വളർച്ചയെത്തിയ ആൽബട്രോസിനെ എലികൾ ഭക്ഷിക്കുന്നതായി കണ്ടെത്തിയതോടെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. 29 സ്‌പീഷീസിലെ കടൽപക്ഷികളാണ് ദ്വീപിലെത്തുന്നത്. ഇതിൽ 19 ഇനങ്ങൾ പ്രാദേശികമായി വംശനാശത്തിന്റെ വക്കിലാണ്. മുട്ടയിടാൻ എത്തുന്ന പക്ഷികളിലേക്ക് ചാടിക്കയറിയാണ് എലികളുടെ ആക്രമണം. പക്ഷികളുടെ മരണം സംഭവിക്കും വരെ എലികൾ അവയെ സാവധാനം ഭക്ഷിക്കുന്നു.

600 ടൺ കീടനാശിനി പെല്ലറ്റുകൾ ഹെലികോപ്റ്റർ വഴി നിക്ഷേപിക്കാനാണ് പദ്ധതി. ഇതിനായി 29 മില്യൺ ഡോളർ വേണം. ഇതിന്റെ നാലിലൊന്ന് സമാഹരിച്ചു. 25 കിലോമീറ്റർ നീളവും 17 കിലോമീറ്റർ വീതിയുമുള്ള ദ്വീപിന്റെ കാലാവസ്ഥ പൈലറ്റുമാർക്ക് വെല്ലുവിളിയാണ്.

1800കളിലാണ് ദ്വീപിൽ എലികൾ എത്തിയത്. എലികളെ തുരത്താൻ 1948ൽ അഞ്ച് പൂച്ചകളെ എത്തിച്ചു. വർഷങ്ങൾക്ക് ശേഷം പൂച്ചകളുടെ എണ്ണം 2,000 ആയി ഉയർന്നു. ഇവ കടൽപക്ഷികളെ കൊന്നൊടുക്കാനും തുടങ്ങി. ഇതോടെ 1991ൽ പൂച്ചകളെ പൂർണമായും ദ്വീപിൽ നിന്ന് നീക്കി.

Advertisement
Advertisement