കർണാടകയിലും 'സുകുമാരക്കുറുപ്പ് മോഡൽ'; ഇൻഷുറൻസ് പണത്തിനായി അജ്ഞാതനെ കൊന്ന ബിസിനസുകാരൻ പിടിയിൽ

Monday 26 August 2024 10:09 AM IST

ബംഗളൂരു: ഇൻഷുറൻസ് പണത്തിനായി അജ്ഞാതനെ കൊന്ന ബിസിനസുകാരൻ പിടിയിൽ. ബംഗളൂരു റൂറലിലെ ഹോട്ട്കോട്ട് സ്വദേശി മുനിസ്വാമി ഗൗഡയാണ് അറസ്റ്റിലായത്. ഗൗഡയുടെ ഭാര്യ ശിൽപറാണിക്കായി തെരച്ചിൽ തുടരുകയാണ്. വാഹനാപകടത്തിൽ മരണപ്പെട്ട ആൾ മുനിസ്വാമി ഗൗഡയാണെന്ന് പറഞ്ഞ് ഇൻഷുറൻസ് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തിൽ ട്രക്ക് ഡ്രെെവർ ദേവേന്ദ്ര നായകയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 13ന് ഗൊല്ലറഹള്ളിയിൽ റോഡരികിൽ മരിച്ചയാൾ തന്റെ ഭർത്താവാണെന്നാണ് ശിൽപറാണി പറഞ്ഞത്. പിന്നാലെ ശവസംസ്കാരച്ചടങ്ങുകളും നടത്തി. ഭാര്യയെ നോമിനിയായി ഗൗഡ നിരവധി ലെെഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നു. തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ദമ്പതികൾ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തത്.

ഗൗഡയും ശിൽപറാണിയും ഒരു യാചകനെ അവരുടെ യാത്രയ്ക്കൊപ്പം കൂട്ടുകയായിരുന്നു. ഇതിനിടെ വണ്ടിയുടെ ടയർ മാറ്റാൻ ഗൗഡ യാചകനോട് സഹായം ആവശ്യപ്പെട്ടു. ടയർ മാറ്റുന്നതിനിടെ ദേവേന്ദ്ര നായക ഓടിച്ചിരുന്ന ട്രക്കിലേക്കിന്റെ അടിയിലേക്ക് യാചകനെ ഗൗഡ തള്ളിയിടുകയായിരുന്നു. ശേഷം മൂവരും ചേർന്ന് ഇതൊരു വാഹനാപകടമാക്കി മാറ്റി. ഗൗഡ വാഹനാപകടത്തിൽ മരിച്ചതായി എല്ലാവരും വിശ്വസിച്ചു. ഭർത്താവിനെ തിരിച്ചറിഞ്ഞതായി ശിൽപറാണിയും പൊലീസിന് മൊഴി നൽകി.

ശേഷം ശിൽപറാണി ഇൻഷുറൻസ് ക്ലെയിം പ്രക്രിയകളും ആരംഭിച്ചു. എന്നാൽ ഇതിനിടെ ഗൗഡ തന്റെ ബന്ധുവായ ശ്രീനിവാസിനെ കാണുകയായിരുന്നു. ഗൗഡയെ കണ്ട് ഞെട്ടിപ്പോയ ശ്രീനിവാസ് ഉടൻ പൊലീസിൽ വിവരമറിയിച്ചു. സിദ്ലഘട്ട പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് ശ്രീനിവാസ്.

ടയർ കട നടത്തുന്ന ഗൗഡയ്ക്ക് അടുത്തിടെ വലിയ രീതിയിൽ സാമ്പത്തിക നഷ്ടം ഉണ്ടായി. പലരിൽ നിന്നും വാങ്ങിയ പണം തിരിച്ച് നൽകാൻ പറ്റാത്ത അവസ്ഥ വന്നതോടെയാണ് ഗൗഡയും ഭാര്യയും ഇത്തരത്തിൽ ഒരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സുകുമാരക്കുറുപ്പ്

1984 ജനുവരി 21നാണ് സുകുമാരക്കുറുപ്പ് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആലപ്പുഴ ചെങ്ങന്നൂരിനടുത്തുള്ള കൊല്ലകടവ് എന്ന സ്ഥലത്തുവച്ചായിരുന്നു ഇത്. കാറിൽ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരം തന്റെ കാറിനുള്ളിൽ ഇട്ട് ചുട്ടുകരിക്കുകയായിരുന്നു.

താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻഷ്വറൻസ് തുകയായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു പദ്ധതി. പക്ഷേ, പൊലീസ് അന്വേഷണം എല്ലാം പൊളിച്ചു. കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികൾ അറസ്റ്റിലായി. ഇവർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടുകയും ചെയ്തു. പക്ഷേ, സുകുമാരക്കുറുപ്പ് എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. പലയിടത്തുവച്ചും സുകുമാരക്കുറുപ്പിനെ കണ്ടെന്നും അയാൾ മരിച്ചെന്നുമുള്ള കഥകൾ പ്രചരിച്ചിരുന്നു. പക്ഷേ, സുകുമാരക്കുറുപ്പ് ഇപ്പോഴും കാണാമറയത്തുതന്നെയാണ്.

Advertisement
Advertisement