'മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ'; രചനയുടെ പോസ്റ്റ് വെെറൽ, ആർക്കോ കൊണ്ടപോലെയെന്ന് കമന്റ്

Monday 26 August 2024 11:02 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വാർത്തകളാണ് മലയാള സിനിമാ മേഖലയിൽ നിന്ന് പുറത്തുവരുന്നത്. നിരവധി പ്രമുഖരാണ് കുറ്റാരോപിതരായിരിക്കുന്നത്. അതിനിടെ നടി രചന നാരായണൻ കുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വെെറലാകുന്നുണ്ട്.

'രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ', എന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. ജ്ഞാനപ്പാനയിലെ പ്രശസ്തമായ വരികളാണ് ഇത്. ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകളും അറിയിച്ചിട്ടുണ്ട്. പോസ്റ്റിലെ വരികൾ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. മറ്റെന്തിനേയോ സൂചിപ്പിക്കുന്നതാണ് ഈ വരികളെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

'ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്ന് ഒരു സംശയം', 'സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ', 'ആർക്കോ കൊണ്ടപോലെ', 'പറയാതെ പറഞ്ഞു. എല്ലാം നല്ലതിന് വേണ്ടി മാത്രം', തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ഇന്നലെ നടി മഞ്ജു വാര്യരും ഏറെ കുറെ സമാനമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് എല്ലാം തുടങ്ങിയതെന്നുമാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement
Advertisement