കൊൽക്കത്ത പീഡനം; പ്രതി വേശ്യാലയങ്ങളിലെത്തി, റോഡിൽ യുവതിയോട് ലൈംഗികാതിക്രമം, കാമുകിയുമായി വീഡിയോകോൾ

Monday 26 August 2024 12:12 PM IST

കൊൽക്കത്ത: ബംഗാളിൽ പി ജി ഡോക്‌ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട രാത്രിയിൽ പ്രതി സഞ്ജയ് റോയി മറ്റൊരു പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായും വിവരം. കഴിഞ്ഞദിവസം പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ആർ ജി ക‌ർ ആശുപത്രിയിലെ 31കാരിയായ ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി സഞ്ജയ് റോയ് നുണപരിശോധനയിൽ കുറ്റസമ്മതം നടത്തി.

ഡോക്‌ടറെ മാനഭംഗപ്പെടുത്തിയ രാത്രിയിൽ സഞ്ജയ് സുഹൃത്തുമൊത്ത് രണ്ട് വേശ്യാലയങ്ങൾ സന്ദർശിച്ചു. തെരുവിൽ ഒരു യുവതിയോട് ലൈംഗികാതിക്രമം നടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയും നഗ്നച്ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി നുണപരിശോധനയിൽ ഇയാൾ വിവരിച്ചു.

ഓഗസ്റ്റ് എട്ടിന് സുഹൃത്തിന്റെ സഹോദരനെ കാണാൻ ആർജി കർ ആശുപത്രിയിലെത്തി. രാത്രി 11.15ഓടെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഇരുവരും മദ്യം വാങ്ങുകയും റോഡിൽ നിന്നുതന്നെ മദ്യപിക്കുകയും ചെയ്തു. ശേഷം വടക്കൻ കൊൽക്കത്തയിലെ വേശ്യാതെരുവായ സോനഗച്ചിയിലെത്തി. ഉദ്ദേശിച്ച കാര്യം നടക്കാതെവന്നതോടെ ഇരുവരും തെക്കൻ കൊൽക്കത്തയിലെ വേശ്യാതെരുവായ ചേറ്റ്‌ലയിലെത്തി.


ചേറ്റ്‌ലയിലേയ്ക്കുള്ള യാത്രക്കിടെ റോഡിൽ ഒരു പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി. ചേറ്റ്‌ലയിൽ സുഹൃത്ത് ഒരു യുവതിയുമൊത്ത് ലൈംഗികവൃത്തിയിൽ ഏർപ്പെട്ടപ്പോൾ സഞ്ജയ് റോയ് പുറത്തുനിൽക്കുകയും കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയും ചെയ്തു. ഫോണിൽ കാമുകിയോട് നഗ്നച്ചിത്രങ്ങൾ ആവശ്യപ്പെടുകയും അവർ അയച്ചുനൽകുകയും ചെയ്തു.

ശേഷം സഞ്ജയും സുഹൃത്തും തിരികെ ആശുപത്രിയിലെത്തുകയും പ്രതി നാലാം നിലയിലെ ട്രോമ സെന്ററിലേയ്ക്ക് പോവുകയും ചെയ്തു. പുലർച്ചെ 4.03ന് സഞ്ജയ് മൂന്നാം നിലയിലെ സെമിനാർ ഹാളിന് സമീപത്തായുള്ള ഇടനാഴിയിലേയ്ക്ക് പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

സെമിനാർ ഹാളിലെത്തിയ പ്രതി അവിടെ ഉറങ്ങുകയായിരുന്ന ഡോക്‌ടറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് കൊൽക്കത്ത പൊലീസ് ഓഫീസറും സുഹൃത്തുമായ അനുപം ദത്തയുടെ വീട്ടിലെത്തി.

സഞ്ജയും സുഹൃത്തും രാത്രിയിൽ പോയ സ്ഥലങ്ങൾ കോൾ ഡേറ്റ റെക്കാഡിന്റെ സഹായത്താൽ പൊലീസ് സ്ഥിരികരിച്ചിട്ടുണ്ട്. ട്രെയിനി ഡോക്ടറുടെ മൃതദേഹം ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10നാണ് കൊൽക്കത്ത പൊലീസ് റോയിയെ (33) അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഉപകരണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. സെമിനാർ ഹാൾ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മൂന്നാം നിലയിൽ ഇയാൾ നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

പ്രതിക്ക് കൊൽക്കത്ത പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്നു. ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത് മറച്ചുവയ്ക്കാൻ ലോക്കൽ പൊലീസിന്റെ ശ്രമം നടന്നതായി സിബിഐ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐയ്ക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഓഗസ്റ്റ് 13നാണ് ഉത്തരവിട്ടത്.

Advertisement
Advertisement