സ്വകാര്യ ടെലികോം കമ്പനികള്‍ 'കട പൂട്ടേണ്ടി' വരുമോ? ജനുവരിയില്‍ വമ്പന്‍ മേക്കോവറിന് തയ്യാറെടുത്ത് ബിഎസ്എന്‍എല്‍
നിരക്ക് കൂട്ടാനുള്ള സ്വകാര്യ ടെലികോം കമ്പനികളുടെ തീരുമാനം പ്രാബല്യത്തില്‍ വന്നത് മുതല്‍ ബിഎസ്എന്‍എല്ലിന് നല്ല കാലമാണ്. ഫോണ്‍കോള്‍, ഡാറ്റ സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടിയത് സാധാരണക്കാര്‍ക്ക് വലിയ ബാദ്ധ്യത സൃഷ്ടിച്ചിരുന്നു. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് നല്ലൊരു വിഭാഗവും. അതുകൊണ്ട് തന്നെ ചെലവും ഇരട്ടിയായി മാറി. ഇതോടെ നിരവധി ആളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തു. ഫോണ്‍കോളിന് മികച്ച നെറ്റ്‌വര്‍ക്ക് ലഭിക്കുമ്പോഴും ഡാറ്റയ്ക്ക് വേഗതയില്ലെന്നതാണ് ബിഎസ്എന്‍എല്‍ നേരിട്ട വലിയ വെല്ലുവിളി.
വേഗതയുടെ പ്രശ്‌നം കാരണം പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഭൂരിഭാഗവും രണ്ടാം സിം ആയിരുന്നു. 3ജി സൗകര്യം മാത്രമാണ് ഔദ്യോഗികമായി നിലവിലുള്ളത്, എന്നിട്ടും ഇത്രയും പേര്‍ പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്നുവെന്ന് മനസ്സിലാക്കിയതോടെ 4ജി, 5ജി സേവനങ്ങളിലേക്ക് മാറിയാല്‍ തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ബിഎസ്എന്‍എല്ലും തിരിച്ചറിയുന്നു. 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എന്‍എല്‍.
അതിനിടെ 4ജി നെറ്റ്‌വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജര്‍ എല്‍. ശ്രീനു. 4ജി സേവനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. അടുത്ത വര്‍ഷം ജനുവരിയില്‍ മകര സംക്രാന്തിയോടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ബിഎസ്എന്‍എല്‍ ഒരു പ്ലാനിന്റേയും നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നും പകരം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സ്വകാര്യ കമ്പനികളുടെ തീരുമാനം ബിഎസ്എന്‍എല്ലിനും സാധാരണക്കാരനും ഒരുപോലെ ഗുണം ചെയ്യുന്നതരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.