ബംഗളൂരുവിൽ ‘സുകുമാരക്കുറുപ്പ് മോഡൽ’ കൊലപാതകം, പ്രതിയും സഹായിയും പിടിയിൽ, ഭാര്യ ഒളിവിൽ
ഹാസൻ: ഇൻഷുറൻസ് തുക തട്ടാൻ കൃത്രിമ റോഡപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ ആളും ലോറി ഡ്രൈവറും അറസ്റ്റിൽ. ബംഗളൂരു ഹൊസൊകോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയും മുനിസ്വാമി ഗൗഡയുടെ ഭാര്യയുമായ ശിൽപ റാണി ഒളിവിലാണ്. ടയർ കട നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനാണ് മുനിഗൗഡ തന്റെ രൂപത്തോട് സാമ്യത തോന്നുന്ന ഭിക്ഷാടകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല.
ആഗസ്റ്റ് 13ന് ഹാസനിലായിരുന്നു കൊലപാതകം. മുനിഗൗഡയും ശിൽപറാണിയും ഭിക്ഷാടകനുമായി സൗഹൃദം സ്ഥാപിച്ച ശേഷം കാറിൽ ഒരുമിച്ച് യാത്രതിരിച്ചു. യാത്രക്കിടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് മുനിസ്വാമി വാഹനം നിർത്തുകയും കൂടെയുണ്ടായിരുന്ന ഭിക്ഷാടകനോട് സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ ടയർ മാറ്റാൻ തുടങ്ങിയപ്പോൾ മുനിഗൗഡ അതുവഴിവന്ന ദേവേന്ദ്ര നായക ഓടിച്ച ലോറിക്കടിയിലേക്ക് തള്ളിയിടുകയായിരുന്നു.
മുനിസ്വാമി വാഹനാപകടത്തിൽ മരിച്ചെന്ന രീതിയിൽ ശിൽപറാണി പൊലീസിന് മൊഴിയും നൽകുകയും സംശയത്തിനിടവരാത്ത രീതിയിൽ സംസ്കാരച്ചടങ്ങുകളും നടത്തി. ശേഷം ശിൽപറാണി ഇൻഷുറൻസ് തുകക്കായുള്ള നടപടി ആരംഭിക്കുകയും ചെയ്തു. എന്നാൽ, മുനിസ്വാമി സഹായത്തിനായി ബന്ധുവായ ഇൻസ്പെക്ടർ ശ്രീനിവാസിനെ കണ്ടതാണ് വഴിത്തിരിവായത്.
ശ്രീനിവാസ് ഉടൻ ഹാസൻ പൊലീസിനെ വിവരമറിയിക്കുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുനിസ്വാമി കുറ്റം സമ്മതിക്കുകയും ചെയ്തു. ഭാര്യയെ നോമിനിയാക്കി ഇയാൾ നിരവധി ലൈഫ് ഇൻഷുറൻസ് പോളിസികളിൽ ചേർന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.