ശബ്ദം ഇഷ്ടമായില്ല...കൊലപ്പെടുത്തിയത് 3 പേരെ, 50-കാരൻ അപൂർവ രോഗബാധതനെന്ന് പൊലീസ്

Tuesday 27 August 2024 12:31 AM IST

ആഹമ്മദാബാദ്: സംസാരിച്ചപ്പോൾ ശബ്ദം അലോസരപ്പെടുത്തിയതിനെ തുടർന്ന് 50കാരൻ രണ്ട് പേരെ കൊലപ്പെടുത്തി. ഓഗസ്റ്റ് 18ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. പ്രതിയെ പിറ്റേ ദിവസം തന്നെ പൊലീസ് പിടികൂടി. ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്ന ഈശ്വർ മജിരാനെ (50) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 18ന് രാത്രി ദീസയിലെ ഹോട്ടലിന് സമീപം ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ ദീപക് കുമാർ ലോധി (25) എന്ന കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയതായി കൺട്രോൾ റൂമിന് സന്ദേശം ലഭിച്ചു. തുടർന്ന് 200-റോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തുന്നത്.

രാത്രി കുഷ്കാൽ ഗ്രാമത്തിന് സമീപത്തെ ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇവിടെ എത്തിയ മൂന്ന് പേർ സംസാരിച്ചത് ഉറക്കം കളഞ്ഞതിനേ തുടർന്ന് റോഡിലെ ഡിവൈഡറിൽ നിന്ന് കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് രണ്ട് പേർ വീഴുകയും ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നാലെ ഈശ്വർ സ്ഥലം വിടുകയായിരുന്നു. ഇത് ഇയാളുടെ ആദ്യത്തെ കൊലപാതകം അല്ലെന്ന് പൊലീസ് പറയുന്നു.


നാല് വർഷം മുൻപ് പ്രവീൺ പർമാർ എന്നയാളെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. പതിനഞ്ച് മാസങ്ങൾക്ക് മുൻപ് ദീസയിലെ ദേശീയ പാതയിലെ പാലത്തിന് കീഴിൽ വച്ച് ശ്രാവണ റാവൽ എന്നയാളും ഇയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. ഈ കേസിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് നിലവിലെ കൊലപാതകം. പ്രതിക്ക് മിസോഫോണിയ എന്ന രോഗാവസ്ഥയാണെന്നും പൊലീസ് പറയുന്നു. നിർദ്ദിഷ്‌ട ശബ്‌ദങ്ങളോടും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളോടും സഹിഷ്ണുത കുറയുന്ന രോഗമാണ് മിസോഫോണിയ.

Advertisement
Advertisement