വെടിനിറുത്തൽ വ്യവസ്ഥകൾ തള്ളി ഹമാസ്

Tuesday 27 August 2024 7:13 AM IST

ടെൽ അവീവ്: യു.എസ് അവതരിപ്പിച്ച വെടിനിറുത്തൽ കരാറിലെ വ്യവസ്ഥകൾ തള്ളി ഹമാസ്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇസ്രയേലും അറിയിച്ചതോടെ കയ്റോയിൽ ആരംഭിച്ച മദ്ധ്യസ്ഥ ചർച്ചകൾ തുലാസിലായി.

വരും ദിവസങ്ങളിലെ ചർച്ചയിലൂടെ സമവായത്തിൽ എത്താനാകുമെന്നാണ് യു.എസ് പ്രതീക്ഷ. ഇതിനിടെ, മദ്ധ്യ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. ആളപായമില്ല. ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.

ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ഞായറാഴ്ച ലെബനനിലെ 40ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തിരുന്നു.

300ലേറെ റോക്കറ്റുകൾ വിക്ഷേപിച്ചായിരുന്നു ഹിസ്ബുള്ളയുടെ മറുപടി. തെക്കൻ ലെബനനിലെ സിഡോണിൽ ഹമാസ് കമാൻഡറെ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചത് മുതൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള വടക്കൻ ഇസ്രയേലിന് നേരെ വ്യോമാക്രമണങ്ങൾ നടത്തുന്നുണ്ട്.

Advertisement
Advertisement