ജനങ്ങളുടെ കൈയടി നേടുന്നയാൾ തന്നെ ജനറൽ സെക്രട്ടറി ആയേക്കും, സാദ്ധ്യത വർദ്ധിച്ചു
നന്നായി തെളിയും മുമ്പുള്ള കലങ്ങലാണ് മലയാള സിനിമയിൽ ഇപ്പോൾ സംഭവിക്കുന്നത്. ഈ കാലവും കഴിഞ്ഞു പോകും. ബഹളങ്ങളൊക്കെ അടങ്ങും. പക്ഷെ, അതിനു ശേഷവും തങ്ങളാണ് മലയാള സിനിമയുടെ 'കൺട്രോളർ'മാർ എന്ന് ധരിച്ച്, ഭരിച്ച് നടന്നവരുടെ 'പവർ' കുറയും. മുമ്പെന്ന പോലെ കലാകാരന്മാരെ വെട്ടി നിരത്താൻ മടിക്കും. അഭിനയ മോഹവുമായി എത്തുന്ന വനിതകളെ മുറിയിലേക്ക് ക്ഷണിക്കാൻ തോന്നിയാലും മനസിനെ സ്വയം നിയന്ത്രിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗീകമായെങ്കിലും പുറത്തുവന്നതും തുടർന്നുണ്ടായ സംഭവങ്ങളുടേയുമൊക്കെ ആകെ റിസൾട്ട് ഇതൊക്കെയാകും. സിനിമയിൽ പുതിയൊരു തലമുറ വളർന്നുവരുന്നുണ്ട്. അവരിലാണ് മുന്നോട്ടുള്ള മലയാള സിനിമയുടെ ഭാവിയും.
സ്വപ്നങ്ങളുമായി സിനിമയിലെത്തി ചതിക്കപ്പെട്ട വനിതകളുടെ തിക്താനുഭവങ്ങളാണ് കൂടുതലായി പുറത്തുവന്നത്. ഇവരിൽ കൂടുതൽ പേർക്കും സിനിമയിൽ ഏറെ അവസരങ്ങളൊന്നും ലഭിക്കാതിരുന്നവരുമാണ്. ഇപ്പോഴും മൗനം പാലിക്കുന്നവരുടെ കൂട്ടത്തിൽ ഹേമ കമ്മിറ്റിക്കു മുമ്പിൽ മൊഴി കൊടുത്തവരും അല്ലാത്തവരുമുണ്ട്. അവരിൽ മോശം പെരുമാറ്റങ്ങളെ അഭിമുഖീകരിച്ചവർ പലരും ഇപ്പോഴൊന്നും പുറത്തു പറയണമെന്നുമില്ല. 'വയ്യാവേലിക്ക് എന്തിന് പോകണം?' എന്ന ചിന്തയാകും അവരെ ഭരിക്കുന്നുണ്ടാവുക. മുന്നിലെ വിശാലമായ സിനിമാ കരിയറിൽ പ്രതീക്ഷയുള്ളതുകൊണ്ട് ചിലരൊക്കെ ആദ്യ നാളുകളിൽ ഇവിടെ ഒരു പ്രശ്നവുമില്ലെന്ന മട്ടിൽ പ്രതികരിച്ചിരുന്നു.
താര സംഘടനയായ 'അമ്മ'യ്ക്കെതിരെ നടൻ പൃഥ്വിരാജ് ഇന്നലെ നിലപാട് വ്യക്തമാക്കിയതോടെ കൂടുതൽ യുവ നടീനടന്മാർ ആ അഭിപ്രായം ഏറ്റുപ്പിടിക്കാൻ സാദ്ധ്യതയുണ്ട്.
'അമ്മ'യെ നയിക്കാൻ ഇനി ആര്?
ലൈംഗീകാരോപണ വെളിപ്പെടുത്തലുകളിൽ കൊട്ട് കിട്ടിയത് 'അമ്മ'യുടെ തലയ്ക്കായിരുന്നു. ക്രൂരമായ ലൈംഗീക പീഡനാരോപണത്തം തുടർന്ന് സിദ്ദിഖിന് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അവിടേയും തീർന്നില്ല, ബാബുരാജിനെതിരെ, മുകേഷിനെതിരെ... ആരോപണങ്ങൾ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. പ്രസിഡന്റ് മോഹൻലാൽ ചെന്നെെയിൽ നിന്ന് എത്താൻ വെെകുന്നതാണ് കാരണമായി പറയുന്നത്. യോഗം നാളെ നടക്കാനുള്ള സാദ്ധ്യതയുണ്ട്.
പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി നിർണായക എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേരുന്നതെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ഗൗരവമേറിയ ചർച്ചയും നടക്കും. ജോയിൻ സെക്രട്ടറി ബാബു രാജിനാണ് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല. സർക്കാർ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമവഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തും.
ഹേമാ കമ്മറ്റി ഉയർത്തിയ പ്രതിസന്ധികൾക്കിടയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗം വരുമോ എന്നതരത്തിലും ചർച്ച നടക്കുന്നുണ്ട്. അമ്മയുടെ നിയമം അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാം.
സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോൺ, ടിനി ടോം, വിനു മോഹൻ, ജോമോൾ, അനന്യ, അൻസിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്.സംഘടനയിൽ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറൽ സെക്രട്ടറിയുടേത്. മുതിർന്ന അംഗമായിരുന്ന സിദ്ദിഖ് മാറിയപ്പോൾ മറ്റൊരു മുതിർന്ന അംഗം വരേണ്ടെ എന്ന ചോദ്യവും സംഘടനയ്ക്കുള്ളിൽ ഉയരുന്നുണ്ട്. ഇവിടെയാണ് വൈസ് പ്രസിഡന്റ് ജഗദീഷിന്റെ പേര് ഉയർന്നു വരുന്നത്.
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ ജഗദീഷ് നടത്തിയ പ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്ന് കിട്ടിയ കയ്യടിയും ജഗദീഷിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.എന്നാൽ, വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കണമെങ്കിൽ നിയമാവലിയിൽ തിരുത്തൽ വേണം. അതിന് ജനറൽ ബോഡിക്ക് മാത്രമെ അധികാരമുള്ളൂ. അത്തരമൊരു നീക്കം ഈ സമയത്ത് അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നതും സംശയമാണ്. ജനറൽ ബോഡി വിളിച്ചു ചേർത്താൽ ചില പൊട്ടിത്തെറികളൊക്കെ ഉണ്ടാകുമെന്ന് ചിലരെങ്കിലും ഭയക്കുന്നുണ്ട്.
ഏക പരിഹാരമാർഗം കോൺക്ലേവോ?
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷവും അതിനു മുമ്പും ഇതുമായി ബന്ധപ്പെട്ട ഏതു ചോദ്യത്തിനും മന്ത്രി സജി ചെറിയാന്റെ മറുപടി വന്ന് നിൽക്കുന്നത് കോൺക്ലേവിലായിരിക്കും. കോൺക്ലേവിനായി വിവര ശേഖരണത്തിനു മാത്രം സ്വകാര്യ ഏജൻസിക്ക് സർക്കാർ നൽകുന്നത് ഒരു കോടി രൂപ. കോൺക്ലേവ് ചെലവുകൾ വേറെയും.
ഹേമ കമ്മിറ്റി റിപ്പോർട്ട് കൈയ്യിൽ കിട്ടിയിട്ടും ഇരയ്ക്കൊപ്പമെന്ന് പറയുകയും വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്തുവെന്ന് ആരോപണവും സർക്കാരിനെതിരെയുണ്ട്.
റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഇത്രയും വൈകിയതിൽത്തുടങ്ങുന്നു വീഴ്ചകൾ. എന്തെങ്കിലും പഴുത് കണ്ടെത്തി റിപ്പോർട്ട് പുറത്തുവിടാതിരിക്കാനായിരുന്നു ശ്രദ്ധ, പുറത്തുവിട്ടപ്പോഴോ? പ്രമുഖർ ലൈംഗികചൂഷണം നടത്തിയെന്ന പരാമർശമുള്ള ഖണ്ഡികയ്ക്കു പിന്നാലെയുള്ള 11 ഖണ്ഡികകൾ വെട്ടിയ ശേഷമാണു റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശ കമ്മിഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട 32 ഖണ്ഡികകളിൽ ഈ ഭാഗം ഉൾപ്പെടുന്നില്ല. ഒഴിവാക്കുന്ന ഭാഗങ്ങൾ വിവരാവകാശ അപേക്ഷകരെ അറിയിക്കണമെന്ന നിർദ്ദേശവും സാംസ്‌കാരിക വകുപ്പ് ലംഘിച്ചു. ആകെ 113 ഖണ്ഡികകളാണ് മുൻകൂട്ടി അറിയിച്ച് ഒഴിവാക്കിയത്. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകണമെന്നും റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ പറ്റുമെന്നു സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദങ്ങൾക്കു മുമ്പു തന്നെ ഹേമ കമ്മിറ്റി റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ നയം രൂപീകരിക്കാനുള്ള സമിതി സർക്കാർ രൂപീകരിച്ചിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുൺ ചെയർമാനും സാസ്കാരിക വകുപ്പ് സെക്രട്ടറി കൺവീനറുമായ സമിതിയിൽ മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് അംഗങ്ങൾ. ഇതിൽ എല്ലാവരുടേയും അനുമതി ചോദിച്ചിട്ടല്ല സമിതി രൂപികരിച്ചത്. കാര്യം അറിഞ്ഞപ്പോൾ തന്നെ മഞ്ജുവാര്യരും രാജീവ് രവിയും ഒഴിവായി. പകരം സിനിമയെ കുറിച്ച് കൂടുതൽ അവഗാഹവും നയരൂപീകരണത്തിൽ കാഴ്ചപ്പാടുമുള്ളവരെ നിയോഗിച്ചതുമില്ല.