'കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് സാത്താനെ ആരാധിക്കുന്നവർ'; വൻ സംഘം പ്രവർത്തിക്കുന്നെന്ന് യുവതി

Tuesday 27 August 2024 1:01 PM IST

ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ പട്ടണത്തിൽ സാത്താനെ ആരാധിക്കുന്ന, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായുള്ള പ്രചാരണത്തിൽ യുവതിക്കെതിരെ നടപടിയുമായി ഡച്ച് കോടതി. തെറ്റായ ഗുഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ജയിൽ ശിക്ഷയോ പിഴയോ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

നെതർലൻഡ്‌സിലെ ബോഡെഗ്രാവെൻ- റിയുവിജിക് മുനിസിപ്പാലിറ്റിയിലെ പ്രോസിക്യൂട്ടർമാരാണ് പേര് പുറത്തുവന്നിട്ടില്ലാത്ത യുവതിയെ കോടതിയിലെത്തിച്ചത്. പ്രചാരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും തുടർന്നതിനാലായിരുന്നു നടപടി. അഭ്യർത്ഥനകൾ നിരസിച്ച് യുവതി കൂടുതൽ അക്രമാസക്തമായ പ്രസ്‌താവനകൾ പുറത്തുവിടാൻ തുടങ്ങിയെന്ന് ഗെൽഡെർലാൻഡ് കോടതി നിരീക്ഷിച്ചു. ഇതിന്റെ ഫലമായി അക്രമാസ്ക്തനായ ഒരാൾ മുനിസിപ്പാലിറ്റിയിലെത്തി പ്രതിസന്ധി സൃഷ്ടിച്ചു. പട്ടണത്തിലെ കസ്റ്റമർ കെയർ സേവനത്തിൽ നിരവധി ഭീഷണി കോളുകൾ വരാൻ ആരംഭിച്ചു. മേയർക്ക് അനേകം അജ്ഞാത ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും കോടതി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ കൂടുതലായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് വിലക്കിയ കോടതി 48 മണിക്കൂറിനുള്ളിൽ പഴയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് തുടർന്നാൽ ഓരോന്നിനും 5000 യൂറോ വീതം പിഴ അടയ്ക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഇത്തരത്തിൽ നാല് ലക്ഷം യൂറോവരെ പിഴയൊടുക്കേണ്ടി വരും. പിന്നെയും തുടർന്നാൽ 60 ദിവസം ജയിലിൽ കഴിയണമെന്നും കോടതി ഉത്തരവിട്ടു.

2021ൽ ഹേഗിന് കിഴക്ക് 40 കിലോമീറ്റർ അകലെയുള്ള പട്ടണത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സാത്താൻ സേവയെക്കുറിച്ച് മൂന്ന് പുരുഷന്മാർ കിംവദന്തികൾ പ്രചരിപ്പിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. 1980കളിൽ താൻ ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്നും പൈശാചിക ആചാരങ്ങളും കൊച്ചുകുട്ടികളുടെ കൊലപാതകവും സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകളുണ്ടെന്നും ഇതിലൊരാൾ അവകാശപ്പെട്ടു. പ്രചരണങ്ങൾക്ക് പിന്നാലെ 35000ഓളം പേർ മുനിസിപ്പാലിറ്റിയിലെത്തി സാത്താൻ സേവയ്ക്ക് ഇരകളായവർക്ക് പുഷ്പങ്ങൾ അർപ്പിച്ചു.

പിന്നാലെ ഇത്തരം ആരാധനകൾക്ക് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി പ്രചാരണം നടത്തിയവരെ രാജ്യദ്രോഹം, അപകീർത്തിപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തി 15 മാസം തടവിന് ശിക്ഷിച്ചു. ഇതിനുപിന്നാലെ പ്രചാരണങ്ങളുമായി യുവതി രംഗത്തെത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണവിധേയർ, കുറ്റവാളികൾ, ഇരകൾ, സംഭവം മറച്ചുവച്ചവർ എന്നിവരുടെ പേര് സഹിതം വെളിപ്പെടുത്തിയാണ് ഇവർ വ്യാജ പ്രചാരണം നടത്തിയതെന്നും കോടതി പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കോടതി നടപടി.

Advertisement
Advertisement