കുട്ടിയുടെ അച്ഛനമ്മമാർ ആകാമോ? ലക്ഷങ്ങൾ ശമ്പളം, യുവാക്കളെ വാടകയ്‌ക്കെടുക്കാനൊരുങ്ങി സമ്പന്ന കുടുംബങ്ങൾ
തിരക്കുകൾ കൂടിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒന്നിനും സമയമില്ലാതെ ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന കുടുംബങ്ങളിൽ കുട്ടികളെ വളർത്തുന്ന കാര്യം പോലും ഒരു വലിയ വെല്ലുവിളിയാണ്. പണ്ടുകാലത്ത് കുട്ടികൾ മാതാപിതാക്കൾക്കൊപ്പം അല്ലെങ്കിൽ അപ്പൂപ്പൻ, അമ്മൂമ്മ എന്നിവർക്കൊപ്പം വളർന്നിരുന്നു എങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ അത് പ്രാവർത്തികമല്ല.
ജോലി സംബന്ധമായി മാറി താമസിക്കുന്നവർ അവരുടെ കുട്ടികളെ നോക്കുന്നതിനായി ഒരു പുതിയ രീതി ഉണ്ടാക്കിയിരിക്കുകയാണ്. അതാണ് "പ്രൊഫഷണൽ മാതാപിതാക്കളെ" നിയമിക്കുക എന്നത്. ചൈനയിലാണ് ഈ പ്രൊഫഷണൽ പാരന്റിംഗ് കണ്ടുവരുന്നത്. ഇതിലൂടെ നിരവധി യുവാക്കൾക്കാണ് ജോലി ലഭിക്കുന്നത്.
സൗത്ത് ചൈന മോർണിംഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും സമ്പന്ന കുടുംബങ്ങളിലുള്ളവരുമാണ് തങ്ങളുടെ കുട്ടികളെ നോക്കുന്നതിനായി "പ്രൊഫഷണൽ മാതാപിതാക്കളെ" നിയമിക്കുന്നത്. കേവലം അദ്ധ്യാപകരല്ല, മറിച്ച് ഒരു കുട്ടിക്ക് മാതാപിതാക്കൾ പറഞ്ഞുകൊടുക്കേണ്ട സാമൂഹികവും വൈകാരികവുമായ കാര്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പകർന്നു നൽകേണ്ടത്.
എന്താണ് "പ്രൊഫഷണൽ മാതാപിതാക്കൾ"?
പണ്ടുകാലത്ത് കുട്ടികളെ നോക്കാനായി സ്‌ത്രീകളെ ആയമാരായി നിയമിക്കാറുണ്ട്. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമാണ് ഈ ജോലി. പുരുഷൻ, സ്ത്രീ എന്ന വ്യത്യാസമില്ലാതെ ആർക്കും ഒരു പ്രൊഫഷണൽ പാരന്റ് ആകാം. ഉദാഹരണത്തിന് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ ആണ് നോക്കുന്നതെങ്കിൽ വൈകിട്ട് 5.30നാകും ഡ്യൂട്ടി ആരംഭിക്കുക.
അവരെ ഹോംവർക്ക് ചെയ്യാൻ സഹായിക്കുക, കായിക വിനോദങ്ങളിൽ ഒപ്പം നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം. കൂടാതെ ആശുപത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഒപ്പം പോകണം. ഓരോ കുടുംബങ്ങളിലെ ആവശ്യകത അനുസരിച്ച് ജോലിയുടെ രീതിയും സമയവും വ്യത്യാസപ്പെട്ടിരിക്കും.
ശമ്പളം
ഉയർന്ന വിദ്യാഭ്യാസവും യോഗ്യതകളും ഉള്ളവരെയാണ് "പ്രൊഫഷണൽ മാതാപിതാക്ക"ളായി പല കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത്. ഹാർവാർഡ്, കേംബ്രിഡ്ജ്, സിൻഹുവ, പെക്കിംഗ് യൂണിവേഴ്‌സിറ്റി തുടങ്ങിയ വിഖ്യാത യൂണിവേഴ്‌സിറ്റികളിൽ നിന്നും ബിരുദം നേടിയവരാണ് ചൈനയിൽ" പ്രൊഫഷണൽ മാതാപിതാക്ക"ളായി ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും. മാത്രമല്ല, ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും കായിക രംഗത്ത് വൈദഗ്ദ്ധ്യവുമുള്ളവരാണ് ഇവർ.
ചിലർക്ക് ചൈൽഡ് സൈക്കോളജിയിൽ വിദഗ്ദ്ധ പരിജ്ഞാനം പോലുമുണ്ട്. അതിനാൽ തന്നെ ഉയർന്ന ശമ്പളമാണ് പ്രൊഫഷണൽ മാതാപിതാക്കൾക്ക് ലഭിക്കുന്നത്. പ്രതിമാസം $1,400 മുതൽ $4,100 വരെയാണ് (ഏകദേശം 1,17,000 രൂപ മുതൽ 3,44,000 രൂപ വരെ) ഇവരുടെ ശമ്പളമെന്നാണ് ചൈനീസ് മാദ്ധ്യമമായ ഫീനിക്‌സ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
എങ്ങനെ പ്രൊഫഷണൽ മാതാപിതാക്കളാകാം?
നേരത്തേ ഏജൻസികൾ വഴിയാണ് ചൈനയിലെ സമ്പന്ന കുടുംബങ്ങളിലുള്ളവർ പ്രൊഫഷണൽ പാരന്റ്‌സിനെ നിയമിച്ചിരുന്നതെങ്കിൽ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ നേരിട്ടും അവർ ആളുകളെ കണ്ടെത്തുന്നു. സാധാരണഗതിയിൽ, 1.4 മില്യൺ ഡോളറിലധികം (11 കോടി രൂപ) ആസ്തിയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് ജോലി വാഗ്ദാനം ചെയ്യുന്നത്.
ചൈനീസ് പത്രമായ സതേൺ വീക്കിലിയുടെ റിപ്പോർട്ട് പ്രകാരം സ്‌ത്രീകൾക്കാണ് ഡിമാൻഡ് കൂടുതൽ. 'പ്രൊഫഷണൽ മം' എന്നാണ് ഇവർ അറിയപ്പെടുന്നത്. കുട്ടികളെ വളർത്തുന്നത് അമ്മമാർക്ക് മാത്രം കഴിയുന്ന കാര്യമാണെന്ന തെറ്റിദ്ധാരണ ഉള്ളതിനാലാണ് പല കുടുംബങ്ങളും പുരുഷന്മാരെ അവഗണിക്കുന്നത്. ഇക്കാരണത്താൽ തന്നെ പലപ്പോഴും പ്രൊഫഷണൽ ഡാഡുകൾക്ക്" ഡിമാൻഡ് കുറയുന്നു.
ആൺകുട്ടികളെ നോക്കാനായി കായിക മേഖലയിൽ താൽപ്പര്യമുള്ളവരെയാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, പെൺകുട്ടികളെ നോക്കുന്നതിനായി പ്രൊഫഷണൽ ഡാഡുകളെ നിയമിക്കാനും മാതാപിതാക്കൾ മടികാട്ടുന്നുണ്ട്.
പ്രൊഫഷണൽ പാരന്റിംഗിന്റെ ദോഷങ്ങൾ
അച്ഛൻ, അമ്മ എന്നിവർക്ക് ഒരു കുട്ടിയുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എന്നാൽ, അതിന് സമയം ലഭിക്കാതെ വരുമ്പോൾ സ്വന്തം മക്കളാണെങ്കിൽ പോലും അവർക്ക് പരസ്‌പരമുള്ള അടുപ്പം കുറയുന്നു. മാതാപിതാക്കളെക്കാൾ കൂടുതൽ സമയം പ്രൊഫഷണൽ പാരന്റ്‌സിനൊപ്പം ചെലവഴിക്കുന്നതിനാൽ കുട്ടികൾക്ക് കൂടുതൽ ഇഷ്‌ടവും അവരോടാകും. ഭാവിയിൽ സ്വന്തം മാതാപിതാക്കൾ പറയുന്നത് അനുസരിക്കാതിരിക്കാൻ പോലും ചിലപ്പോൾ ഇത് കാരണമായേക്കാം എന്നാണ് റിപ്പോർട്ട്. പല കാര്യത്തിലും ഇവർ തമ്മിൽ എതിപ്പുകളും വഴക്കും ഉണ്ടാകാനും സാദ്ധ്യതയുണ്ട്.