സിനിമ എന്റെ കൂട്ടുകാരി 1948- 2024

Wednesday 28 August 2024 6:00 AM IST

മോഹനമായ സിനിമകൾ ഒരുക്കി മോഹൻ വിട പറയുമ്പോൾ...

എഴുപതുകളിലും എൺപതുകളിലും മലയാളി കണ്ട നവസിനിമയുടെ ശക്തനായ വ്യക്താവ് എന്ന വിലാസത്തിനുടമയായിരുന്നു സംവിധായകൻ മോഹൻ. മധ്യവർത്തി സിനിമയിൽ ജീവിച്ചിരുന്ന അവസാന കണ്ണിയാണ് ഇന്നലെ വിട പറഞ്ഞത്. മലയാളി ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ. 23 ചിത്രങ്ങൾ സംവിധാനം ചെയ്തതിൽ ഒട്ടുമിക്കതും കലാമൂല്യം നിറഞ്ഞവ. രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുമ്പേ, ഇളക്കങ്ങൾ എന്നീ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ അടിത്തറ ഉറപ്പിച്ചു. വിടപറയുംമുമ്പേയിലൂടെയാണ് നെടുമുടിവേണു ആദ്യമായി നായകനാകുന്നത്. ഇന്നസെന്റ് ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നത് ഇളക്കങ്ങൾ എന്ന ചിത്രത്തിലൂടെയാണ്.

ഇടവേള എന്ന ചിത്രത്തിലൂടെ ഇടവേള ബാബുവിനെ പരിചയപ്പെടുത്തി. സാക്ഷ്യം എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു. ദ ക്യാമ്പസ് എന്ന ചിത്രത്തിലൂ‌ടെ മധുവാര്യരെ .2005 ൽ റിലീസ് ചെയ്ത ദ ക്യാമ്പസ് ആണ് അവസാനമിറങ്ങിയ ചിത്രം.

ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, മുഖം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. പ്രണയവും വിരഹവുമായിരുന്നു എന്നും മോഹൻ സിനിമകളുടെ അടിത്തറ. പത്മരാജനും ഭരതനും അടക്കിവാണ മലയാള സിനിമയിൽ മോഹൻ വേറിട്ട പാതയിലൂടെ സഞ്ചരിച്ചു. ജോൺ പോളിന്റെയും പത്മരാജന്റെയും തിരക്കഥകൾക്ക് ശക്തമായ ചലച്ചിത്രഭാഷ്യം നൽകുന്നതിൽ മോഹൻ വിജയിച്ചു. ഒരു കഥ ഒരു നുണക്കഥയിലൂടെ ഇന്നസെന്ററിനൊപ്പം ചേ‌ർന്നാണ് ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതുന്നത്. മലയാളസിനിമയിൽ ആദ്യമായി സ്വർഗാനുരാഗം പ്രമേയമാക്കി 1978 ൽ രണ്ട് പെൺകുട്ടി എന്ന ചിത്രം സംവിധാനം ചെയ്തു. അതിലെ നായിക അനുപമയെ മോഹൻ ജീവിതസഖിയാക്കി.

മോഹന്റെ സിനിമകളിൽ പലതും നിർമ്മിച്ചത് ഡേവിഡ് കാച്ചപ്പിള്ളി -ഇന്നസെന്റ് കൂട്ടുകെട്ടായിരുന്നു. ചെന്നൈ പിറക്കുന്നതിന് മുൻപത്തെ മദിരാശിയിലെ കോടമ്പാക്കമായിരുന്നു അവരുടെ ലോകം.

19 വർഷമായി ഇടവേളയിലായിരുന്നു മോഹന്റെ സംവിധാന ജീവിതം.പുതിയ കാലസിനിമ തന്നോട് കൂട്ടുകൂടുന്നില്ലെന്ന പരാതി മോഹനുണ്ടായിരുന്നു. മലയാള സിനിമ കണ്ട മികച്ച സംവിധായകരിൽ ഒരാളായിരുന്നു മോഹൻ. എന്നാൽ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം മോഹനെ തേടി എത്തിയില്ല. മോഹൻ സിനിമകൾ എന്നും സംസാരിച്ചു കൊണ്ടേയിരിക്കുന്നു. പുതിയ കാലത്ത് പുതിയ തലമുറയ്ക്ക് ആസ്വാദനം പകരുന്നു.

മോഹന്റെ ഭാഷയിൽ പറഞ്ഞാൽ 'സിനിമ എന്റെ കൂട്ടുകാരി'.

Advertisement
Advertisement