25,000 കോടിയുടെ പദ്ധതിയില്‍ കേരളവും, സ്ഥലം കണ്ടെത്തിയിരിക്കുന്നത് ഈ ജില്ലയില്‍

Tuesday 27 August 2024 7:59 PM IST
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 25,000 കോടി രൂപ ചെലവാക്കി രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ വ്യാവസായിക പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഉടന്‍ അന്തിമ അംഗീകാരം നല്‍കുമെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്രത്തിന്റെ 25,000 കോടി മുതല്‍മുടക്കിലൂടെ 1.5 ലക്ഷം കോടിയുടെ നിക്ഷേപം നടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

12 സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെയും ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ വ്യാവസായിക പദ്ധതിക്കായി സ്ഥലവും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാവസായിക പാര്‍ക്കുകള്‍ എന്നതിലുപരിയായി വ്യാവസായിക നഗരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് പുറമേ യുവാക്കള്‍ക്ക് തൊഴിലവസരവും ഒപ്പം പ്രാദേശിക ഉത്പാദനവും വര്‍ദ്ധിപ്പിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

കേരളത്തിന് പുറമെ തെലങ്കാന, ബീഹാര്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിക്കുന്നുണ്ട്. റസിഡന്‍ഷ്യല്‍, കൊമേഷ്യല്‍ പ്രോജക്ടുകള്‍ ഒരുമിച്ച് വരുന്ന വ്യവസായ നഗരങ്ങളാണ് സര്‍ക്കാരിന്റെ മനസിലുള്ളത്. കഴിഞ്ഞ ബഡ്ജറ്റിലാണ് ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയുടെ കീഴില്‍ 12 ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കുകള്‍ അനുവദിക്കുമെന്ന കാര്യം കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുടെയും സ്വകാര്യ നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

Advertisement
Advertisement