ടാക്സി പിടിക്കാൻ ₹500 വേണം; ചീഫ് ജസ്റ്റിസിന്റെ പേരിലും തട്ടിപ്പ് ശ്രമം
Wednesday 28 August 2024 4:03 AM IST
ന്യൂഡൽഹി : ഹലോ, ഞാൻ ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യയാണ്. അടിയന്തര കൊളീജിയം യോഗമുണ്ട്. കൊണാട്ട് പ്ലേസിൽ കുടുങ്ങിപ്പോയി. ടാക്‌സി പിടിക്കാൻ അഞ്ഞൂറു രൂപ അയച്ചുതരുമോ? കോടതിയിൽ എത്തിയാലുടൻ ഗൂഗിൾ പേ ചെയ്യാം ...
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിലും ഓൺ ലൈൻ തട്ടിപ്പ് ശ്രമം. ഒരു ഉത്തരേന്ത്യൻ സ്വദേശിയാണ് തനിക്ക് കിട്ടിയ മെസേജിന്റെ സ്ക്രീൻഷോർട്ട് സാമൂഹ്യ മാദ്ധ്യമത്തിലിട്ടത്. സംഗതി വൈറലായി.
മെസേജ് അയച്ചിരിക്കുന്നത് ഐപാഡിൽ നിന്നാണെന്ന് സ്ക്രീൻഷോർട്ടിൽ കാണുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം കോടതി രജിസ്ട്രി പൊലീസിൽ പരാതിപ്പെട്ടു. ഡൽഹി സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.