പൊലീസിനെ ആക്രമിച്ചു: മൂന്നു പേരെ പിടികൂടി
വർക്കല: എസ്.ഐ യെയും പൊലീസുകാരെയും കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പുലിപ്പാറ സൂര്യഭവനിൽ വിഷ്ണു (25) , നെടുമങ്ങാട് തടത്തരികത്തു വീട്ടിൽ കിച്ചു (19), മണനാക്ക് പെരുങ്കുളം ആൽത്തറക്കടവ് കെ.വി നിവാസിൽ നാസിഫ് (25) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം . ലഹരി മാഫിയകളെ പിടികൂടുന്ന ഓപ്പറേഷൻ ഡി ഹണ്ട് പരിശോധനയ്ക്കിടയിൽ തിരുവമ്പാടി ബീച്ചിന് സമീപം ഇന്നോവ കാറിന് സമീപമെത്തിയ വർക്കല എസ്.ഐ അഭിഷേക് കാർ തുറക്കാൻ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന പ്രതികൾ വിസമ്മതിച്ചു. വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ താക്കോൽ എടുക്കാൻ എസ്.ഐ കൈ അകത്തേക്കിട്ടു. ഈ സമയം കാറിന്റെ ഗ്ലാസ് ഉയർത്തുകയും കൈ ഞെരുങ്ങി അമരുകയും ചെയ്തു. സി.പി.ഒ ശംഭുരാജ് ഗ്ലാസ് ശക്തിയായി താഴ്ത്തിയാണ് കൈ പുറത്തേക്കെടുത്തത്. കാർ മുന്നോട്ടെടുത്തതോടെ ശംഭുരാജിന്റെ കൈക്ക് പരിക്കേൽക്കുകയും കാറിന്റെ ഇടതുഭാഗം തട്ടി വീഴുകയും ചെയ്തു. കൂടുതൽ പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
ഫോട്ടോ: അറസ്റ്റിലായ വിഷ്ണു, കിച്ചു, നാസിഫ്