പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനം വരുന്നു, രണ്ട് രാജ്യങ്ങൾ വൈകാതെ നിയമം കടുപ്പിക്കും
ഒട്ടാവ : കുടിയേറ്റം കുത്തനെ ഉയർന്നതിനാൽ വിദേശികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഓസ്‌ട്രേലിയയും കാനഡയും. 2025ൽ ഓസ്‌ട്രേലിയയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 2,70,000 ആയി പരിമിതപ്പെടുത്തും.നിയമം പാർലമെന്റിൽ പാസാക്കണം. കാനഡയിൽ താത്കാലിക വിസയിലെത്തുന്ന വിദേശ തൊഴിലാളികളെ (ടെംപറെറി ഫോറിൻ വർക്കർ പദ്ധതി) കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം വിദേശികളായ താത്കാലിക താമസക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് കാനഡ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടം അടുത്ത മാസം നടപ്പാക്കും. ഇന്ത്യക്കാർ അടക്കം 70,000ത്തിലേറെ പേർ നാടുകടത്തലിന്റെ വക്കിലാണെന്നാണ് വിവരം. കൊവിഡിന് പിന്നാലെ വിദേശികളുടെ കുടിയേറ്റം കൂടിയത് ഇരുരാജ്യങ്ങളിലും തൊഴിലില്ലായ്മയും വീട്ടുവാടകയും റെക്കാഡ് ഉയരത്തിലെത്തിച്ചു. വിദേശികളെ നിയന്ത്രിക്കാനുള്ള മറ്റ് നടപടികൾ നേരത്തെയും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു.