ലോൺ വാഗ്ദാനം നൽകി 2 ലക്ഷം തട്ടിയ യുവാവ് പിടിയിൽ

Wednesday 28 August 2024 1:07 AM IST

കായംകുളം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 10 ലക്ഷം രൂപ ലോൺ തരാമെന്ന് പറഞ്ഞ് രണ്ട് ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ തെക്ക് കോമനയിൽ കിളിയേറ്റില്ലം വീട്ടിൽ ബിബിൻ ജോൺസൺ (30) ആണ് അറസ്റ്റിലായത്. ലോണിന്റെ പ്രോസസിംഗ് ഫീസാണന്ന് പറഞ്ഞ് കായംകുളം പെരിങ്ങാല നടക്കാവ് സ്വദേശിയിൽ നിന്ന് ഗൂഗിൾ പേ മുഖേനയാണ് രണ്ട് ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്തത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഗ്രൂപ്പ് ഒഫ് കമ്പനി എക്സിക്യൂട്ടീവ് ആണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2023 നവംബറിൽ മൂന്ന് തവണകളായാണ് പണം കൈപ്പറ്റിയത്. സമാന രീതിയിൽ പണംതട്ടിയ സംഭവത്തിൽ ഇയാളുടെ പേരിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കൂടാതെ മാവേലിക്കര സ്റ്റേഷൻ പരിധിയിൽ എ.ടി.എം കവർച്ച കേസിലും നൂറനാട് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി കേസിലും അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലും ഇയാൾ പ്രതിയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ അരുൺഷാ,എസ്.ഐ.അജിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ സോനു ജിത്ത്, അഖിൽ മുരളി, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement