ഡോക്ടറുടെ പൈശാചിക കൊല, കൊൽക്കത്തയെ വിറപ്പിച്ച് പ്രതിഷേധം

Wednesday 28 August 2024 12:42 AM IST

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ മുഖ്യമന്ത്രി മമതയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധം സംഘർഷമായി.

ഇന്നലെ രാവിലെ കോളേജ് സ്വയറിൽ നൂറു കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ അക്രമാസക്തമായി. പൊലീസ് കണ്ണീർ വാതകവും ഷെല്ലുകളും പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലർ പൊലീസിനുനേരെ കല്ലെറിഞ്ഞതോടെ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങി.

അക്രമം നടന്നേക്കുമെന്ന അനുമാനത്തിൽ പ്രതിഷേധ മാർച്ചിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തുടർന്ന് നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കി. 6000ത്തോളം വരുന്ന പൊലീസിനെ നഗരത്തിൽ വിന്യസിച്ചു. നിരീക്ഷണത്തിന് നിരവധി ഡ്രോണുകളും സജ്ജമാക്കി. 19 ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധക്കാർ ഇവ തകർത്തു.

അക്രമമെന്ന് തൃണമൂൽ

പ്രതിഷേധത്തെത്തുടർന്ന് ബംഗാളിൽ രാഷ്ട്രീയ വാക്പോരും ആരംഭിച്ചു. ബി.ജെ.പി പിന്തുണയോടെയുള്ള പ്രതിഷേധമാണ് നടന്നതെന്നും അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും തൃണമൂൽ ആരോപിച്ചു. ബി.ജെ.പി,​ എ.ബി.വി.പി ഗൂഢാലോചനയാണ്.

എന്നാൽ വിദ്യാർത്ഥി സംഘടനകൾ ആസൂത്രണം ചെയ്ത മാർച്ചാണെന്ന് സംഘാടകർ മറുപടിയുമായെത്തി.

വിദ്യാർത്ഥികളെ കാണാനില്ല

പ്രതിഷേധത്തിൽ പങ്കെടുത്ത നാല് വിദ്യാർത്ഥി പ്രവർത്തകരെ കാണാതായതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ സുഭോജിത് ഘോഷ്, പുലേകേഷ് പണ്ഡിറ്റ്, ഗൗതം സേനാപതി, പ്രീതം സർക്കാർ എന്നിവരെ കാണാതാവുകയായിരുന്യിനു. മമത അവരെ കസ്റ്റഡിയിലെടുത്തിരിക്കാമെന്ന് ഭയപ്പെടുന്നതായി സുവേന്ദു അധികാരി പറഞ്ഞു. വിദ്യാർത്ഥികളുടെ കുടുംബങ്ങൾ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ വൻ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായും പൊതുസുരക്ഷ കണക്കിലെടുത്ത് ചിലരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

സി.ബി.ഐ എയിംസിലേക്ക്

കൊലപാതകത്തിൽ ഡി.എൻ.എ, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയിൽ ഡൽഹി എയിംസിലെ വിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്ന് സി.ബി.ഐ അറിയിച്ചു. സഞ്ജയ് റോയ് മാത്രമാണോ അതോ മറ്റ് വ്യക്തികൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിർണ്ണയിക്കുകയാണ് ലക്ഷ്യം.

Advertisement
Advertisement