മഹാരാഷ്ട്രയിൽ നഴ്സിംഗ് വിദ്യാർത്ഥിയെ മാനഭംഗപ്പെടുത്തി
മുംബയ്: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ആളിപ്പടരുന്നതിനിടെ
മഹാരാഷ്ട്രയിൽ ക്രൂരമാനഭംഗത്തിനിരയായി നഴ്‌സിംഗ് വിദ്യാർത്ഥി. രത്നഗിരിയിൽ അഞ്ച് ദിവസം മുമ്പായിരുന്നു സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ മാനഭംഗപ്പെടുത്തുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി മാനഭംഗപ്പെടുത്തി എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. യുവതി മാതാപിതാക്കളെ വിവരം അറിയിക്കുകയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
പിന്നീട് പൊലീസിൽ പരാതി നൽകി. ഓട്ടോ ഡ്രൈവറെ കണ്ടെത്താനായില്ല. സി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ, പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് കാട്ടി നിരവധി പേർ പ്രതിഷേധിച്ചു.
ഉത്തരവാദികളായവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരും ആശുപത്രി ജീവനക്കാരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ആശുപത്രി ജീവനക്കാരുൾപ്പെടെ തെരുവിലിറങ്ങിയതോടെ രത്നഗിരിയുടെ പല ഭാഗങ്ങളിലും ഗതാഗതം തടസമുണ്ടായി. പ്രതിഷേധക്കാർ സമാധാനം പാലിക്കണമെന്നും കുറ്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.