കേന്ദ്ര സർക്കാർ പദ്ധതികൊണ്ട് ദക്ഷിണ റെയിൽവെയിൽ ഉദ്യോഗസ്ഥർക്ക് കോളടിച്ചു, പ്രയോജനം കിട്ടുക 62706 പേർക്ക്

Wednesday 28 August 2024 12:51 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി റെയിൽവെ അംഗീകരിച്ചു. സതേൺ റെയിൽവെയിൽ 62,706 പേർക്കും തിരുവനന്തപുരം ഡിവിഷനിൽ 7487 പേർക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും.


പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ സംഘടനകളും പുതിയ തീരുമാനം അംഗീകരിച്ചതായി സതേൺ റെയിൽവെ പ്രിൻസിപ്പൽ ഫൈനാൻസ് അഡ്വൈസർ മാളവിക ഘോഷ് മോഹൻ, പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ മാനേജർ കെ. ഹരികൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സതേൺ റെയിൽവെയിൽ ആകെയുള്ള 81,311 ജീവനക്കാരിൽ 18,605 പേർ പഴയ പെൻഷൻ പദ്ധതിയിലുള്ളവരാണ്. ദേശീയ പെൻഷൻ പദ്ധതിയിലുള്ള (എൻ.പി.എസ്) 62,706 പേർ പുതിയ പദ്ധതിയിലും അംഗങ്ങളാകും. ബാക്കിയുള്ളവർക്ക് ഏത് പദ്ധതി വേണമെന്ന് തിരഞ്ഞെടുക്കാൻ അവസരമുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ ആകെയുള്ള 10,000 ജീവനക്കാരിൽ 7487 പേരാണ് എൻ.പി.എസിലുള്ളതെന്നും ഇവരെ യു.പി.എസിൽ ഉൾപ്പെടുത്തുന്നത് വഴി 30 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്നും അസിസ്റ്റന്റ് ഡിവിഷണൽ മാനേജർ എം.ആർ. വിജി പറഞ്ഞു.

കുറഞ്ഞത് 25 വർഷം സർവീസുള്ളവർക്ക് അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും പത്ത് വർഷം സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപയും പെൻഷൻ കിട്ടും. പുതിയ പദ്ധതി വിജ്ഞാപനം ചെയ്തതിന് ശേഷം ഇതിന്റെ പ്രയോജനങ്ങളെ കുറിച്ച് ജീവനക്കാർക്ക് ബോധവത്കരണം നൽകും.

Advertisement
Advertisement