ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ: അനധികൃത അറവുശാലകൾക്ക് പൂട്ട്
ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചയത്ത് അതിർത്തിയിൽ അംഗീകാരമുള്ള അറവുശാലകൾക്ക് മാത്രം പ്രവർത്തിക്കാൻ അനുമതി നൽകി പഞ്ചായത്ത് കമ്മിറ്റി.
അംഗീകൃത അറവുശാലയിൽ നിന്ന് മാട്ടിറച്ചി / ആട്ടിറച്ചി എന്നിവ വിൽക്കുന്നതിനുള്ള അവകാശം 29ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യ ലേലം നടക്കും.
വർഷങ്ങളായി പഞ്ചായത്ത് അതിർത്തിയിൽ നിരവധി അനധികൃത അറവുശാലകളാണ് പ്രവർത്തിക്കുന്നത്. ഇറച്ചിയുടെ ഗുണനിലവാരവും മറ്റും പരിശോധിക്കാതെയാണ് വില്പന നടത്തിവന്നിരുന്നത്.
മൃഗങ്ങൾക്ക് രോഗമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്ന് ഡോക്ടർ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ കശാപ്പ് ചെയ്യാൻ പാടുള്ളു. മാത്രമല്ല, സാമ്പിളുകൾ പരിശോധിച്ച് ഉപയോഗയോഗ്യമെന്ന ഗുണമേന്മാ സീൽ ഡോക്ടർമാർ പതിപ്പിക്കേണ്ടതുമാണ്. ഇത്തരം ഇറച്ചിയേ വിൽക്കാൻ പാടുള്ളു.
നടപടികൾ പാലിക്കാതെയാണ് നിലവിൽ ഇറച്ചിക്കടകൾ പ്രവർത്തിച്ചിരുന്നത്. പരാതി വ്യാപകമായതോടെയാണ് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തനമേഖല തിരിച്ച് അംഗീകൃത അറവുശാലകൾ ആരംഭിക്കുന്നതിന് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുവേണം അറവുശാലകൾ പ്രവർത്തിപ്പിക്കാൻ.
ലൈസൻസ് നൽകുന്ന അറവുശാലകളിൽ വിലനിയന്ത്രണവും ഏകീകരണവും ഉണ്ടാകും. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും.
എസ്.കെ.ചന്ദ്രകുമാർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്