മദ്യനയക്കേസ്: കവിത ജയിൽ മോചിത ഉപാധികളോടെ ജാമ്യം
ന്യൂഡൽഹി: മദ്യനയക്കേസിൽ കസ്റ്റഡിയിലായി 165-ാം ദിവസം ജയിൽ മോചിതയായി ബി.ആർ.എസ് നേതാവ് കെ. കവിത. സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ജാമ്യം ലഭിച്ചതിനെത്തുടർന്ന് രാത്രി 9.10 ഓടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. കവിതയ്ക്ക് ബി.ആർ.എസ് പ്രവർത്തകർ വൻ വരവേൽപ്പാണ് നൽകിയത്.
ഇ.ഡി, സി.ബി.ഐ കേസുകളിലാണ് കവിതയ്ക്ക് ജാമ്യം ലഭിച്ചത്. രണ്ടു കേസുകളിലും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യം കോടതി കണക്കിലെടുത്തു. 493ൽപ്പരം സാക്ഷികളെ വിസ്‌തരിക്കാനുള്ളതിനാൽ വിചാരണ പൂർത്തിയാക്കാൻ കാലതാമസമെടുക്കും. വിചാരണയ്‌ക്കായുള്ള കസ്റ്റഡി ശിക്ഷയായി മാറരുത്. കള്ളപ്പണം തടയൽ നിയമത്തിൽ സ്‌ത്രീകളുടെ ജാമ്യാവശ്യത്തിന് പ്രത്യേക പരിഗണന നൽകാൻ വ്യവസ്ഥയുണ്ട്. പ്രതിയായ സ്ത്രീ ജനപ്രതിനിധിയാണെന്നും വിദ്യാഭ്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി നിലപാട് സുപ്രീംകോടതി അംഗീകരിച്ചില്ല.
10 ലക്ഷം രൂപയുടെ വീതം ജാമ്യബോണ്ട് ഇരുകേസുകളിലും വിചാരണക്കോടതിയിൽ കെട്ടിവച്ചു. തെളിവു നശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. പാസ്‌പോർട്ട് വിചാരണക്കോടതിക്ക് കൈമാറണം. വിചാരണയുമായി സഹകരിക്കണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യവസ്ഥ വച്ചു. കഴിഞ്ഞ മാർച്ച് 15ന് ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് കവിതയെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. തീഹാർ ജയിലിലായിരിക്കെ ഏപ്രിൽ 11ന് സി.ബി.ഐ കേസിലും അറസ്റ്റ് രേഖപ്പെടുത്തി.
അന്വേഷണരീതിക്ക് വിമർശനം
കേസിൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണരീതിയെ സുപ്രീംകോടതി വിമർശിച്ചു. പ്രോസിക്യൂഷൻ നടപടികൾ ന്യായമായിരിക്കണം. പ്രതിപ്പട്ടികയിലുൾപ്പെടുത്തുന്നത് തോന്നുംപടിയാണോ? നിർണായക പങ്കുണ്ടെന്ന് പറയുന്നയാളെ പ്രതിയാക്കാതെ സാക്ഷിയാക്കി മാറ്റിയെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കവിതയ്‌ക്ക് തുല്യ പങ്കുണ്ടെന്ന് പറയുന്ന മദ്യവ്യവസായിയായ മാഗുന്ത ശ്രീനിവാസുലു റെഡ്‌ഡിയെ പ്രതിയാക്കിയിട്ടില്ല. തിരഞ്ഞെടുത്ത ചിലരെ മാത്രം മാപ്പുസാക്ഷിയാക്കി മാറ്റുന്നു. ഇത്തരം കാര്യങ്ങൾ കാണുമ്പോൾ ഖേദമുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്ഥാനാർത്ഥികൾക്ക് 90 ലക്ഷം വാഗ്ദാനം
2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിക്കും പ്രചാരണത്തിനായി 90 ലക്ഷമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വാഗ്ദാനം ചെയ്‌തതെന്ന് സി.ബി.ഐ ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. കേജ്‌രിവാളിനെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച് വിചാരണനടപടികൾ ആരംഭിക്കണമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു കോടതി. കേസിൽ കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി സെപ്‌തംബർ മൂന്നുവരെ നീട്ടി. ഇ.ഡി കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനാൽ സി.ബി.ഐ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ഡൽഹി മുഖ്യമന്ത്രിക്ക് ജയിൽമോചനം സാദ്ധ്യമാകും.