ജമ്മു കാശ്‌മീർ: 29 സ്ഥാനാർത്ഥികളുമായി ബി.ജെ.പിയുടെ മൂന്നാം പട്ടിക

Wednesday 28 August 2024 1:11 AM IST

ന്യൂഡൽഹി: ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി 29 സ്ഥാനാർത്ഥികളടങ്ങിയ മൂന്നാം പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. രണ്ടാം ഘട്ടത്തിലേക്കുള്ള പത്ത് സ്ഥാനാർത്ഥികളും മൂന്നാം ഘട്ടത്തിലേക്കുള്ള 19 പേരുമാണ് പട്ടികയിൽ. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച 44 പേരുടെ പട്ടികയിലുണ്ടായിരുന്ന പലരെയും ഒഴിവാക്കി. ജമ്മു കാശ്‌മീർ ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിംഗ്, സത്‌പോൾ ശർമ്മ, പ്രിയാ സേഠി, ശ്യാം ലാൽ ചൗധരി, കവിന്ദർ ഗുപ്ത, . കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗിന്റെ സഹോദരനും മുൻ നാഷണൽ കോൺഫറൻസ് നേതാവുമായ ദേവേന്ദ്ര റാണ തുടങ്ങിയവർക്കൊന്നും സീറ്റില്ല.

അശോക് ഭട്ട് (ഹബ്ബാകദൽ), മുഹമ്മദ് അക്രം ചൗധരി(ഗുലാബ്ഗഡ്),കുൽദീപ് രാജ് ദുബെ (റിയാസി), ബൽദേവ് രാജ് ശർമ്മ (മാതാ വൈഷ്നോ ദേവി), താക്കൂർ രൺദീർ സിംഗ്(കലക്കൂട്ട്-സന്ദേബനി), ചൗധരി സുൽഫിക്കർ അലി(ബുധാൽ), മുഹമ്മദ് ഇക്‌ബാൽ മാലിക് (തന്നാമണ്ടി), സയ്യിദ് മുഷ്‌താഖ് അഹമ്മദ് (സുരാൻ കോട്ട്), ചൗധരി അബ്‌ദുൾ ഖനി(പൂഞ്ച് ഹവേലി),മുർതാസാ ഖാൻ (മെന്ദർ),പവൻ ഗുപ്‌ത (ഉധംപൂർ വെസ്റ്റ്), ബൽവന്ത് സിംഗ്(ചെനാനി) തുടങ്ങിയ നേതാക്കൾ പട്ടികയിൽ ഇടം നേടി.

കോൺഗ്രസ് ആദ്യ പട്ടിക

നാഷണൽ കോൺഫറൻസുമായുള്ള സീറ്റ് ധാരണ അന്തിമാക്കിയതിന് പിന്നാലെ കോൺഗ്രസ് ഒമ്പത് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി ഗുലാം അഹ്മദ് മിർ(ദൂരു), മുൻ പി.സി.സി അദ്ധ്യക്ഷൻ വികാർ റസൂൽ വാനി (ബനിഹാൽ) അടക്കം നേതാക്കളാണ് പട്ടികയിൽ. സീറ്റ് പങ്കിടൽ കരാർ പ്രകാരം കോൺഗ്രസ് 90 അംഗ നിയമസഭയിൽ 32 സീറ്റിലാണ് മത്സരിക്കുന്നത്. നാഷണൽ കോൺഫറൻസ് 51 സീറ്റുകളിലും. സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും ജമ്മു കാശ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടിയും (ജെ.എൻ.പി.പി) ഓരോ സീറ്റിലും മത്സരിക്കും. നാഷണൽ കോൺഫറൻസ് 18 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement