ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: നിർദ്ദേശങ്ങൾ നൽകാൻ പോർട്ടൽ

Wednesday 28 August 2024 1:12 AM IST


ന്യൂഡൽഹി: കൊൽക്കത്തയിലെ യുവ വനിതാ ഡോക്‌ടറുടെ കൊലയെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ദേശീയ ടാസ്ക് ഫോഴ്സ് (എൻ.ടി.എഫ്)കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നു. മേഖലയുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ് പോർട്ടൽ ആരംഭിച്ചു.(ലിങ്ക്: http://serviceline.gov.in/direcervel.do? serviceid=2987) പോർട്ടലിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ ടാസ്‌ക്ഫോഴ്സിന് കൈമാറും.

ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറിയും തുടങ്ങിയ അംഗങ്ങളും ആദ്യ യോഗത്തിൽ പങ്കെടുത്തു. ടാസ്‌ക് ഫോഴ്സ് ഇതുവരെ 300-400 നിർദ്ദേശങ്ങൾ ലഭിച്ചതായി അംഗങ്ങൾ അറിയിച്ചു. വിവിധ പങ്കാളികളെ നേരിട്ട് സമീപിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

മെഡിക്കൽ സ്ഥാപനങ്ങളിൽ ലഭ്യമായ സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിമാർ, പൊലീസ് മേധാവിമാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരുമായി സുരക്ഷ സംബന്ധിച്ച ഹ്രസ്വകാല നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് വീഡിയോകോൺഫറൻസ് വഴി ഒരു യോഗം ചേരും. ആഭ്യന്തര സെക്രട്ടറിയും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും പങ്കെടുക്കും.

Advertisement
Advertisement