ജർമ്മൻ കത്തിക്കുത്തിന്റെ ആഗോള പ്രത്യാഘാതം
കഴിഞ്ഞ ദിവസം ജർമ്മനിയിലെ സോളിംഗൻ പട്ടണത്തിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തെ പ്രസക്തമാക്കുന്നത് ഇതിനുള്ള തീവ്രവാദ ബന്ധമാണ്. മരണസംഖ്യ മൂന്നിൽ ഒതുങ്ങിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇത് തീവ്രവാദ ആക്രമണമായാണ് കാണുന്നത്. ഇസ്ലാമിക് സ്റ്റേറ്റും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു അക്രമിയെ ജിഹാദിയായി പ്രഖ്യാപിച്ചു . സിറിയയിൽ നിന്നുള്ള 26കാരനായ അഭയാർത്ഥിയാണ് അക്രമം നടത്തിയത്. മൂന്ന് മാസം മുമ്പ്അഫ്ഘാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥി മാൻഹെയിം പട്ടണത്തിൽ നടത്തിയ കുടിയേറ്ര വിരുദ്ധ റാലിയിൽ നടത്തിയ അക്രമം ഇവിടെ ഓർക്കേണ്ടതുണ്ട്. 2016ൽ ബെർലിനിൽ 13 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഭവമാണിത്. പല തലങ്ങളിൽ പ്രസക്തവും ദൂരവ്യാപക ഫലമുളവാക്കുന്നതുമാണ് ഈ സംഭവം.
യൂറോപ്പിൽ ആകമാനം കുടിയേറ്ര വിരുദ്ധ മനോഭാവം ആളിക്കത്തിക്കാനും,ബ്രിട്ടനിൽ നടക്കുന്ന കുടിയേറ്റക്കാരുടെ മേലുള്ള അക്രമങ്ങൾക്ക് വളക്കൂറാകാനും ഇതിടയാക്കും . യൂറോപ്യൻ യൂണിയൻ അടുത്ത സമയത്ത് പാസാക്കിയ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർക്കശ്ശമാകും. ജർമ്മനിയിൽ വലതുപക്ഷ പാർട്ടികൾ സെപ്തംബറിൽ നടക്കാൻ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാക്കി ഈ ആക്രമണത്തെ അവതരിപ്പിച്ചുകഴിഞ്ഞു. ജർമ്മനിയിലെ നിയമവാഴ്‌ചയും സാംസ്കാരിക വൈവിദ്ധ്യവും ക്ഷേമരാജ്യവും ജർമ്മൻ സ്വത്വവുമൊക്കെ ഇത്തരം അക്രമങ്ങൾ ഇല്ലാതാക്കും. വലതുപക്ഷ തീവ്രവാദത്തിന് കിട്ടിയ മറ്റൊരു വെടിമരുന്നാണ് ഈ സംഭവം. കുറേ കാലമായി ഒന്നും ചെയ്യാൻ കഴിയാത്ത ഇസ്ലാമിക് സ്റ്റേറ്റിനും അനുയായികൾക്കും ഇത് ഊർജ്ജമാകും. ഇപ്പോഴും ലോകത്ത് എവിടെയും അക്രമം നടത്താനുള്ള കെൽപ് ഇസ്ലാമിക് സ്റ്റേറ്റിനുണ്ടെന്ന് ഈ സംഭവം കാട്ടിത്തരുന്നു. സൂചിപ്പിച്ചതുപോലെ നിയോ നാസി പാർട്ടികളും അനുയായികളും യൂറോപ്പിലാകെ പ്രബലമാകുകയാണ്. ഇത് ദൂരവ്യാപകമായ ആഗോളപ്രശ്നങ്ങൾക്ക് കാരണമാകും. മറ്റൊരു വിഷയമാണ് ലോകമാകെ അഭയാർത്ഥികൾ നേരിടാൻ പോകുന്ന പ്രതിസന്ധി. ആറ് കോടിയിലധികം അഭയാർത്ഥികളാണ് ലോകത്താകമാനം ഉള്ളത്. കൂടുതൽ പേർ അഭയം കാത്ത് അരക്ഷിതാവസ്ഥയിൽ അതിർത്തികളിലും മറ്റും കാത്തുകിടക്കുകയാണ്. ഇവരുടെ ദുരവസ്ഥ കഠിനമാകും.
ഏകദേശം അഞ്ച് ലക്ഷത്തോളം ഇന്ത്യൻ വംശജരായിട്ടുള്ളവർ ജർമ്മനിയിലുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ് ജർമ്മനി. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ജർമ്മനിയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും മലയാളികൾക്ക് അവിടുത്തെ സാഹചര്യം ഒട്ടും സൗഹൃദമായിരിക്കില്ല. കേവലം ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ജർമ്മൻ പട്ടണത്തിൽ നടന്ന ഭീകരാക്രമണത്തിന് ആഗോള പ്രത്യാഘാതമുണ്ടെന്നത് ഭയം ജനിപ്പിക്കുന്നതാണ്.