ജെ.എം.എം നേതാവ് ചമ്പൈ സോറൻ ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ.എം.എം നേതാവുമായ ചമ്പൈ സോറൻ ആഗസ്റ്റ് 30ന് ബി.ജെ.പിയിൽ ചേരും. കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയ്ക്കു ശേഷമാണ് ചമ്പൈ സോറൻ തീരുമാനമെടുത്തതെന്ന് ബി.ജെ.പി നേതാവും അസാം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വാസ് അറിയിച്ചു. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ ജെ.എം.എം നേതാവ് ലോബിൻ ഹെംബ്രോമിനൊപ്പമാണ് ചമ്പൈ സോറൻ ബി.ജെ.പിയിൽ ചേരുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഹേമന്ത് സോറന് ജയിൽ മോചിതനായതോടെ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതുമുതൽ അതൃപ്‌തനായിരുന്ന ചമ്പൈ സോറൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയിലാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. ജാർഖണ്ഡ് ചുമതലയുള്ള ഹേമന്ത് ബിശ്വാസാണ് കൂടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കിയത്. ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ചമ്പൈ സോറൻ ബി.ജെ.പിയിൽ ചേരുന്നത് ജെ.എം.എമ്മിനും 'ഇന്ത്യ' മുന്നണിക്കും പ്രഹരമാണ്.