പൊളാരിസ് ഡോൺ വിക്ഷേപണം ഇന്ന്  ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം

Wednesday 28 August 2024 7:06 AM IST

ന്യൂയോർക്ക്: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്ന സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.08ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നടക്കും. വി​ക്ഷേപണം ഇന്നലെ നടക്കേണ്ടതായിരുന്നെങ്കിലും ദൗത്യത്തിന് ഉപയോഗിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിലെ ഹീലിയം ചോർച്ചയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണം ഇന്നില്ലെങ്കിൽ നാളെ ഇതേ സമയത്ത് ശ്രമിക്കും.

അമേരിക്കൻ സംരംഭകൻ ജറേഡ് ഐസക്‌മാൻ,​ യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സ് എൻജിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് ക്രൂ ഡ്രാഗൺ പേടകത്തിൽ ബഹിരാകാശത്തേക്ക് തിരിക്കുന്നത്. അന്നയുടെ ഭർത്താവും സ്പേസ് എക്സ് അംഗവുമായ അനിൽ മേനോന്റെ പിതാവ് യു.എസിലേക്ക് കുടിയേറിയ മലയാളിയാണ്. ജറേഡും സാറയുമാണ് ബഹിരാകാശ നടത്തം നിർവഹിക്കുക. ഭൂമിയിൽ നിന്ന് 1,400 കിലോമീ​റ്റർ ഉയരത്തിൽ വരെ പേടകം എത്തും. അഞ്ച് ദിവസത്തെ ദൗത്യത്തിന് ശേഷം മെക്സിക്കോ ഉൾക്കടലിൽ പേടകം തിരിച്ചിറങ്ങും. ഏറെ സങ്കീർണമായ ദൗത്യമായതിനാൽ പൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷമേ വിക്ഷേപണമുണ്ടാകൂ.

Advertisement
Advertisement