ഒഴിവു സമയത്ത് 'ശല്യം" ചെയ്യുന്ന തൊഴിലുടമയ്‌ക്ക് പിഴ നിയമം നടപ്പാക്കി ഓസ്ട്രേലിയ
കാൻബെറ: ഒഴിവു സമയത്ത് മേലുദ്യോഗസ്ഥർ ജോലിക്കാരെ ഫോൺ വിളിച്ചും ഇ-മെയിൽ അയച്ചും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന നിയമവുമായി ഓസ്ട്രേലിയ. ജോലി സമയത്തിന് പുറത്തുള്ള ഇത്തരം 'ബുദ്ധിമുട്ടുകൾ" ഇനി തൊഴിലാളികൾക്ക് അവഗണിക്കാം. അടിയന്തര ഘട്ടങ്ങൾക്ക് മാത്രം ഇളവുണ്ട്. നിയമം തിങ്കളാഴ്ച പ്രാബല്യത്തിലെത്തി. ചെറുകിട സ്ഥാപനങ്ങൾക്ക് നിയമം നടപ്പാക്കാൻ 12 മാസത്തെ സമയം നൽകി. ജോലിയിൽ അല്ലാത്തപ്പോൾ തൊഴിൽ ദാതാവ് തങ്ങളെ അനാവശ്യമായി ഫോൺ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നതായി തോന്നുന്ന ജീവനക്കാർക്ക് തൊഴിലിടത്ത് ആദ്യം പ്രശ്നം ഉന്നയിക്കാം. പരിഹരിച്ചില്ലെങ്കിൽ കേസ് കൊടുക്കാം. തൊഴിലുടമ 63,000 ഡോളർ (52,87,000 രൂപ) വരെ പിഴ നൽകേണ്ടിയും വരും. ഫ്രാൻസ്, സ്‌പെയിൻ, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനും മറുപടി നൽകാതിരിക്കാനുമുള അവകാശം ജീവനക്കാർക്കുണ്ട്.
ഗുണങ്ങൾ
തൊഴിൽ സാഹചര്യം മെച്ചപ്പെടും
ഉത്പാദനക്ഷമത കൂടും
ആരോഗ്യകരമായ വർക്ക്-ലൈഫ് ബാലൻസ്
ജോലിയിൽ കൂടുതൽ ഊർജ്ജസ്വലത
ജോലിയിലെ സമ്മർദ്ദവും മടുപ്പും കുറയും
മാനസികാരോഗ്യത്തിന് നല്ലത്
സർഗ്ഗാത്മക കഴിവുകൾ ഉയർത്താം
ആളുകൾക്ക് 24 മണിക്കൂർ ജോലിയുടെ ശമ്പളം കിട്ടുന്നില്ല. അതിനാൽ 24 മണിക്കൂർ ജോലി ചെയ്യേണ്ട കാര്യവുമല്ല.
- ആന്റണി ആൽബനീസ്, പ്രധാനമന്ത്രി, ഓസ്ട്രേലിയ