കമലയുമായുള്ള സംവാദം: ട്രംപ് പിന്മാറിയേക്കും

Wednesday 28 August 2024 7:06 AM IST

വാഷിംഗ്ടൺ : കമലാ ഹാരിസുമായി നിശ്ചയിച്ച ആദ്യ ലൈവ് ടെലിവിഷൻ സംവാദത്തിൽ നിന്ന് യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് പിന്മാറിയേക്കും. സെപ്തംബർ 10ന് എ.ബി.സി ന്യൂസിന്റെ സംവാദത്തിലാണ് ഇരുവരും ഏറ്റുമുട്ടലിന് സമ്മതിച്ചത്.

എന്നാൽ എ.ബി.സി റിപ്പബ്ലിക്കൻമാരോട് ശത്രുത പുലർത്തുകയാണെന്ന് ട്രംപ് പറഞ്ഞു. അത്തരം ഒരു നെറ്റ്‌വർക്കിന്റെ പരിപാടിയിൽ താൻ എന്തിന് പങ്കെടുക്കണമെന്നും പകരം മറ്റൊരു നെറ്റ്‌വർക്കുമായി സഹകരിക്കാൻ തയ്യാറാണെന്നും ട്രംപ് അമേരിക്കൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

എന്നാൽ സംവാദം ഉപേക്ഷിക്കുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. 'കമലയ്ക്ക് ഉത്തരം പറയാൻ അറിയില്ല. അതിനാൽ അവർ സംവാദത്തിന്റെ നിയമങ്ങളിൽ മാറ്റത്തിന് ശ്രമിക്കുന്നു. ഒരു പാവയെ അമേരിക്കയ്ക്ക് പ്രസിഡന്റായി വേണ്ട. കഠിനമായ ചോദ്യങ്ങൾ നേരിടാൻ താൻ തയ്യാറാണ്. എന്നാൽ സംവാദം സുതാര്യമാകണം." ട്രംപ് പറഞ്ഞു.

സെപ്തംബർ 10ന് എ.ബി.സിയിൽ സംവാദം നടത്താൻ ട്രംപും പ്രസിഡന്റ് ജോ ബൈഡനും മുമ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി കമല സ്ഥാനാർത്ഥിയായതോടെ ട്രംപ് ഇതിൽ നിന്ന് ഒഴി‌ഞ്ഞു. ഡെമോക്രാറ്റുകളുടെ പരിഹാസം രൂക്ഷമായതോടെ ട്രംപ് വീണ്ടും സംവാദത്തിന് സമ്മതിക്കുകയായിരുന്നു. അതേസമയം, ഫോക്സ് ന്യൂസ്, എൻ.ബി.സി സംവാദങ്ങളോട് ട്രംപ് അനുകൂലമാണ്. ജൂണിൽ സി.എൻ.എന്നിൽ നടന്ന സംവാദത്തിലെ മോശം പ്രകടനത്തോടെയാണ് ബൈഡൻ പിന്മാറിയത്. പിന്നാലെ വൈസ് പ്രസിഡന്റ് കമലയ്ക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനേഷൻ ലഭിച്ചു.

 കമലയ്‌ക്ക് 55% സാദ്ധ്യത

നവംബറിലെ തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് 55 ശതമാനം ജയ സാദ്ധ്യതയെന്ന് ഡിസിഷൻ ഡെസ്ക് എച്ച്.ക്യു-ദ ഹിൽ സർവേ ഫലം. എന്നാൽ,​ അരിസോണ,​ ജോർജിയ,​ നെവാഡ,​ പെൻസിൽവേനിയ,​ വിസ്കോൺസിൻ സ്റ്റേറ്റുകൾ ആർക്കൊപ്പമെന്നത് ഉറപ്പിക്കാനായിട്ടില്ല. ബൈഡനേക്കാൾ പിന്തുണ കമലയ്‌ക്കുണ്ട്.

Advertisement
Advertisement