മദ്യം നൽകിയാൽ മാത്രം പോര, ഇനി ഡ്രെെവറെയും കൊടുക്കണം; ബാറുടമകൾക്ക് പൊലീസിന്റെ നിർദേശം

Wednesday 28 August 2024 10:50 AM IST

കോയമ്പത്തൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂർ പൊലീസ്. വാഹനവുമായി മദ്യപിക്കാൻ ബാറിൽ വരുന്നവർ തിരിച്ച് വാഹനം ഓടിക്കില്ലെന്ന് ബാറുടമകൾ ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നിർദേശിച്ചത്.

മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രെെവറെയും കൊണ്ടാണ് വന്നതെന്ന് ബാറുടമകൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ മദ്യപിച്ചശേഷം അയാൾക്ക് പോകാൻ വാഹനം സജ്ജമാക്കുകയോ പകരം ഡ്രെെവറെ ഏർപ്പെടുത്തുകയോ വേണമെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച ഇക്കാര്യം അറിയിച്ച് ബാറുടമകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സിറ്റി പൊലീസ് നടത്തിയ വാഹനപരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 178പേരെ കണ്ടെത്തി കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നതായും ഇത് കുറയ്ക്കാൻ ബാറുകൾ കൂടി സഹകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

എല്ലാ ബാറുകളിലും പരിസരത്തും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും അവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചു. നി‌ർദേശങ്ങൾ പാലിക്കാത്ത ബാറുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ലെെസൻസ് റദ്ദാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Advertisement
Advertisement