'ഏഴ് റൗണ്ട് വെടിവച്ചു, ബോംബെറിഞ്ഞു', ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ ആക്രമണമെന്ന് പരാതി

Wednesday 28 August 2024 12:47 PM IST

കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടർ പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ ബിജെപി നടത്തുന്ന 12 മണിക്കൂർ ബന്ദ് കൊൽക്കത്ത നഗരത്തിലടക്കം ബംഗാളിൽ ജനജീവിതത്തെ ബാധിച്ചു. രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. മെഡിക്കൽ കോളേജ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് സ്വീകരിച്ച കടുത്ത നടപടിയിൽ പ്രതിഷേധിക്കാനാണ് ബിജെപി ഇന്ന് ബന്ദ് ആചരിക്കുന്നത്.

ബിജെപി നേതാവിന്റെ വാഹനം ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. നോർത്ത് 24 പർഗനാസ് ജില്ലയിലാണ് ബിജെപി നേതാവ് പ്രിയാംഗു പാണ്ഡെയുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്. അക്രമികൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും 50-60 പേർ സംഘത്തിലുണ്ടായിരുന്നെന്നും പ്രിയാംഗു പാണ്ഡെ പറഞ്ഞു. ഏഴ് റൗണ്ട് വെടിവയ്‌‌ക്കുകയും വാഹനത്തിന് നേരെ ബോംബെറിയുകയും ചെയ്‌തു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമയം പൊലീസ് ഉദ്യോഗസ്ഥരടക്കം നോക്കി നിന്നുവെന്നും ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ സംസ്ഥാനത്ത് നടത്തിയ സമരം ശക്തമായ രീതിയിലാണ് പൊലീസ് പ്രതിരോധിച്ചത്. ഹൗറയിലെ സത്രഗച്ചിയിൽ പൊലീസ് ഇവർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. കണ്ണീർവാതകവും വിദ്യാർത്ഥികൾക്ക് നേരെ ഉപയോഗിച്ചിരുന്നു.

ബിജെപി ബന്ദ് പരാജയപ്പെടുത്താൻ ജനം പുറത്തിറങ്ങണമെന്ന് തൃണമൂൽ നേതാക്കൾ ആഹ്വാനം ചെയ്‌‌തു. ബിജെപി പ്രസിഡന്റ് സുകന്ദ മജുംദാറിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത് പൊലീസ് തടഞ്ഞതോടെയാണ് കഴിഞ്ഞദിവസം 12 മണിക്കൂർ ബന്ദ് ബിജെപി പ്രഖ്യാപിച്ചത്.

Advertisement
Advertisement