അഴിക്കുള്ളിൽ നിന്ന് പുറത്തുവരേണ്ടി വരില്ല, സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകളിടുന്നവരെ പൂട്ടാനൊരുങ്ങി യോഗി സർക്കാർ
ലക്‌നൗ: പുതിയ സമൂഹമാദ്ധ്യമ നയം നടപ്പിൽ വരുത്തി ഉത്തർ പ്രദേശ് സർക്കാർ. ഫേസ്‌ബുക്ക്,ഇൻസ്‌റ്റഗ്രാം, എക്‌സ്, യൂട്യൂബ് അടക്കം സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകളിൽ രാജ്യസുരക്ഷയെ ബാധിക്കുന്നതുണ്ടെങ്കിൽ ഇനി ജീവപര്യന്തം വരെ തടവ് ലഭിക്കാം.
രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് കരുതാവുന്ന പോസ്റ്റുകൾക്ക് മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം. മുൻപ് ഇത്തരം കുറ്റങ്ങൾക്ക് ഐടി നിയമത്തിന്റെ 66ഇ, 66എഫ് വകുപ്പനുസരിച്ചായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. സ്വകാര്യതാ ലംഘനം, സൈബർ ഭീകരവാദം എന്നിവയെക്കുറിച്ചുള്ള വകുപ്പുകളായിരുന്നു ഇവ. അശ്ളീലമോ, അപകീർത്തിപ്പെടുത്തുന്നതോ ആയ പോസ്‌റ്റുകൾക്കും ക്രിമിനൽ മാനനഷ്‌ട കേസിൽ നടപടി നേരിടണം.
പരസ്യങ്ങളടക്കം കൈകാര്യം ചെയ്യുന്നതിന് യോഗി സർക്കാർ ഒരു വി-ഫോം ഏജൻസി രൂപീകരിച്ചു. വീഡിയോകൾ, റീലുകൾ, പോസ്‌റ്റുകൾ ഇവയുടെയെല്ലാം ഉത്തരവാദിത്വം ഈ ഏജൻസിക്കാണ്. സമൂഹമാദ്ധ്യമങ്ങളിലെ സ്വാധീന വ്യക്തികൾ, അക്കൗണ്ട് ഉടമകൾ, അവ ഹാൻഡിൽ ചെയ്യുന്നവർ എന്നിവർക്ക് പേയ്‌മെന്റ് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. എക്‌സ്, ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം ഉടമകൾക്ക് പരമാവധി 5,4,3 ലക്ഷം രൂപയും യൂട്യൂബ് വീഡിയോകൾ, പോഡ്‌കാസ്‌റ്റ്, റീൽ എന്നിവയ്‌ക്ക് 8,7,6,4 ലക്ഷങ്ങളുമാകും പേയ്‌മെന്റ് പരിധി.