തിരുവനന്തപുരത്ത് ഒരു പ്രശ്നം വന്നപ്പോൾ റിയൽ ലൈഫ് ഹീറോയായി രക്ഷിച്ചത് ഇന്നത്തെ സൂപ്പർ അവതാരകൻ, അടിയുടെ  പൂരമായിരുന്നു

Wednesday 28 August 2024 3:58 PM IST

ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ റിയൽ ലൈഫ് ഹീറോയായി വന്ന ഒരാളുണ്ടെന്ന് നടി ശിവാനി. വർഷങ്ങൾക്ക് മുമ്പ് സൂര്യ ടിവിയിൽ ആങ്കറായിരുന്ന സമയത്തെ കാര്യമാണ് ശിവാനി വെളിപ്പെടുത്തിയത്. അന്ന് റിലയൻസിന്റെ 500 രൂപയുടെ ഫോണായിരുന്നു കൈയിലുണ്ടായിരുന്നത്. ഒരുത്തൻ രാത്രിയും പകലുമില്ലാതെ വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങി. പ്രോഗ്രാമിന്റെ പ്രൊഡ്യൂസറെ കാര്യം അറിയിച്ചു. ഇത് സോൾവ് ചെയ്യാൻ പറ്റുന്ന ഒരാളേയുള്ളൂവെന്ന് പറഞ്ഞ് പ്രൊഡ്യൂസർ അയാളെ വിളിച്ചു. തരികിട സാബുവായിരുന്നു അത്.

ഒരു എസ്‌യുവിയിൽ ആയിരുന്നു സാബു ചേട്ടൻ വന്നിറങ്ങിയത്. വന്നയുടനെ എന്റെ ഫോൺ വാങ്ങി നോക്കി. ഒന്നു ചിരിച്ചതുപോലുമില്ല. ഇയാൾക്കൊന്ന് ചിരിച്ചുകൂടെ എന്ന് ഞാൻ ചിന്തിക്കുകയും ചെയ‌്തു. ഉടൻ തന്നെ എന്നോട് വണ്ടിയിലേക്ക് കയറാൻ പറഞ്ഞു. ഒറ്റയ്‌ക്കോ എന്ന് ചോദിച്ചപ്പോൾ, നിന്നെ ആരും പിടിച്ച് വിഴുങ്ങില്ല എന്നായിരുന്നു മറുപടി.

അങ്ങനെ കൊച്ചുവേളിയിലെ ഒരു ഗ്രൗണ്ടിൽ എത്തി. എന്നെ ശല്യം ചെയ‌്തയാളെ വിരൽ ഞൊടിച്ച് വിളിച്ചു. പിന്നെ അടിയുടെ പൂരമായിരുന്നു. റിയൽ ലൈഫ് ഹീറോയാണ് പുള്ളി. എന്നിട്ട് തിരികെ കൊണ്ട് വിടുകയും ചെയ്‌തു. പക്ഷേ എന്റെ പേടി ഇനി ഇതെങ്ങാനും മുതലെടുക്കുമോ എന്നായിരുന്നു. ആ പ്രശ്നം ഉണ്ടായിട്ടേയില്ല.

കഴിഞ്ഞ ദിവസം ശിവാനിയുടെ മറ്റൊരു പ്രതികരണം വൈറലായിരുന്നു. ചൈന ടൗൺ എന്ന സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമം നടന്നിരുന്നുവെന്നായിരുന്നു ശിവാനിയുടെ വെളിപ്പെടുത്തൽ. മറ്റൊരു ലൊക്കേഷനിൽ തന്റെ വാതിലിൽ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും, മോഹൻലാൽ ഇടപെട്ടാണ് ആ ശ്രമം ഒഴിവാക്കിയതെന്നും ശിവാനി പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.