മാദ്ധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍, മരണത്തിന് മുമ്പ് ഫേസ്ബുക്കില്‍ രണ്ട് പോസ്റ്റുകള്‍

Wednesday 28 August 2024 8:48 PM IST
സാറ റഹനുമ

ധാക്ക: മാദ്ധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി. ബംഗ്ലാദേശിലെ ഗാസി ടി.വിയുടെ ന്യൂസ് റൂം എഡിറ്റര്‍ സാറ റഹനുമ (32) ആണ് മരിച്ചത്. മരിച്ചത്‌പോലെ ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സാറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹതിര്‍ജീല്‍ തടാകത്തിലാണ് സാറയുടെ മൃതദേഹം കണ്ടെത്തിയത്. സാഗര്‍ എന്ന വ്യക്തിയാണ് തടാകത്തില്‍ നിന്ന് കരയിലേക്ക് എത്തിച്ച് സാറയെ ആശുപത്രിയില്‍ കൊണ്ടുപോയത്.

എന്നാല്‍ ധാക്ക മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുമ്പോഴേക്കും സാറയുടെ മരണം സംഭവിച്ചിരുന്നു. ആശുപതിയില്‍ എത്തിക്കുമ്പോള്‍ സാറയ്ക്ക് ജീവനുണ്ടായിരുന്നില്ലെന്ന് ഡാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍സ്‌പെക്ടര്‍ ബച്ചു മിയ പ്രതികരിച്ചു. മരണത്തിന് മുമ്പ് സാറ രണ്ട് സ്റ്റാറ്റസുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നായിരുന്നു സ്റ്റാറ്റസുകളിലൊന്ന്. സുഹൃത്തായ ഫഹീം ഫയസാലിനെ ടാഗ് ചെയ്തായിരുന്നു മറ്റൊരു പോസ്റ്റ്.

ഇത്രയും നല്ലൊരു സുഹൃത്തിനെ ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഫഹീമിനെ ടാഗ് ചെയ്തുള്ള സാറയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതിന് സാധിക്കാത്തതില്‍ ഫഹീമിനോട് ക്ഷമ ചോദിക്കുന്നുവെന്നും ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സാറയുടെ മരണം ആത്മഹത്യയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Advertisement
Advertisement