ലാഭമെടുക്കാതെ ക്യാൻസർ മരുന്നുകൾ

Thursday 29 August 2024 2:11 AM IST

വിലയേറിയ ക്യാൻസർ മരുന്നുകൾ ഒട്ടും ലാഭമെടുക്കാതെ കമ്പനി വിലയ്‌ക്കുതന്നെ കാരുണ്യ ഫാർമസി വഴി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ക്യാൻസർ രോഗം പെരുകിവരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് വലിയ അനുഗ്രഹമാകുന്ന നടപടിയാണിത്. 247 ഇനം ക്യാൻസർ മരുന്നുകളാകും ഇനിമുതൽ കാരുണ്യ വഴി രോഗികൾക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കുക. തുടക്കമെന്ന നിലയിൽ പതിനാലു ജില്ലകളിലും ഓരോ കാരുണ്യ ഫാർമസിയാകും മരുന്നു വിതരണം. ക്രമേണ വിതരണ ശൃംഖല വിപുലീകരിക്കും. നിലവിൽ 74 കാരുണ്യ ഫാർമസി വഴി ഏഴായിരത്തോളം മരുന്നുകൾ വിലകുറച്ച് വിറ്റുവരുന്നുണ്ട്. കുറിപ്പടി പ്രകാരമുള്ള പല മരുന്നുകളും കിട്ടുന്നില്ലെന്ന് വ്യാപകമായി പരാതികളുണ്ടെങ്കിലും സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന സംവിധാനമാണിത്.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗികളുടെ കണക്ക് ഒരേസമയം അമ്പരപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണ്. ചികിത്സയ്ക്കാവശ്യമായി വരുന്ന വൻചെലവ് ഇടത്തരക്കാർക്കും സാധാരണക്കാർക്കും താങ്ങാനാവാത്ത നിലയിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. ക്യാൻസർ ചികിത്സയ്ക്കുള്ള ഔഷധങ്ങൾക്കെല്ലാം വലിയ വിലയാണ്. രോഗം കടുക്കുന്നതിനനുസരിച്ച് ചികിത്സാ ചെലവും ഉയരും. രോഗം ഭേദമായാലും ഇല്ലെങ്കിലും സമ്പാദ്യം അപ്പാടെ ചികിത്സയ്ക്കായി മുടക്കേണ്ടിവരുന്ന സ്ഥിതിയാണ്. പൊതുജനാരോഗ്യ വകുപ്പിനാകട്ടെ ഇതിനു മാത്രമായി പ്രത്യേക സഹായ പദ്ധതികൾ കുറവാണ്. വിപുലമായ ചികിത്സാകേന്ദ്രങ്ങളും കുറവാണ്. ആർ.സി.സി പോലുള്ള ചികിത്സാകേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിക്കും തിരക്കും ക്യാൻസർ സെന്ററുകളുടെ വികേന്ദ്രീകരണം ആവശ്യപ്പെടുന്നു. എല്ലാ ജില്ലാ - താലൂക്ക് ആശുപത്രികളിലുമുള്ള ക്യാൻസർ ചികിത്സയ്ക്ക് മാത്രമായി പ്രത്യേക വിഭാഗങ്ങൾ തുറക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് രോഗികളുടെ വർദ്ധന വിരൽചൂണ്ടുന്നത്.

ക്യാൻസർ രോഗത്തിനുള്ള ഔഷധങ്ങൾ ഒരുകാലത്ത് ഔഷധ നിർമ്മാതാക്കളുടെ ചാകരയായിരുന്നു. ബഹുരാഷ്ട്ര കമ്പനികൾ കുത്തകയാക്കി വച്ചിരുന്ന ഔഷധങ്ങൾ പിന്നീട് പല ഘട്ടങ്ങളിലായി കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ വഴി സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന നിലയിലേക്ക് വില കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും അവയ്ക്ക് പൊതുവേ അധികരിച്ച വില തന്നെ നൽകേണ്ടിവരുന്നു. ചികിത്സാക്രമങ്ങളിൽ വന്ന വിപ്ളവകരമായ മാറ്റങ്ങളും രോഗികൾക്ക് ആശ്വാസം നൽകുന്നു.

കാരുണ്യ വഴി ക്യാൻസർ മരുന്നുകൾ ലാഭമെടുക്കാതെ നൽകാനുള്ള പദ്ധതി പൂർണമായും പ്രയോജനപ്പെടണമെങ്കിൽ കൂടുതൽ ഇടങ്ങളിൽ അവ എത്തിച്ചു വിതരണം ചെയ്യാൻ സംവിധാനം ഒരുക്കണം. ഒരു ജില്ലയിൽ ഒരു കേന്ദ്രം എന്ന രീതി ഒട്ടും തന്നെ ആശാസ്യമല്ല. ജില്ലയിൽ അങ്ങേ അറ്റത്തു താമസിക്കുന്നവർ മരുന്നു വാങ്ങാനായി ദീർഘദൂരം സഞ്ചരിക്കേണ്ടിവരുമ്പോൾ മരുന്നു വാങ്ങുന്നതിൽ ലഭിക്കുന്ന ലാഭം യാത്രക്കൂലിക്കും മറ്റു ചെലവുകൾക്കുമായി നൽകേണ്ടിവരും. വിതരണകേന്ദ്രം താലൂക്ക് അടിസ്ഥാനത്തിലെങ്കിലുമാക്കുകയാണ് ഇതിനുള്ള പോംവഴി. ആരോഗ്യവകുപ്പ് താമസം വിനാ അതിനുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതാണ്. കൊട്ടും കുരവയുമായി തുടങ്ങുന്ന ഇതുപോലെ ജനോപകാരപ്രദമായ സംരംഭങ്ങൾ കാലം ചെയ്യുമ്പോൾ നിർജ്ജീവമാകുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. ആരംഭകാലത്ത് കാരുണ്യ ഫാർമസികൾ രോഗികൾക്കു വളരെയധികം ഉപകരിച്ചിരുന്നു. നടത്തിപ്പുദോഷം കൊണ്ടാകണം ഇപ്പോൾ പഴയ പേരിനും പെരുമയ്ക്കും കോട്ടം വന്നിട്ടുണ്ട്. മരുന്നുകൾ ആവശ്യത്തിനു സ്റ്റോക്ക് ചെയ്യുന്നതിൽ വീഴ്ച സംഭവിക്കാതെ നോക്കണം. കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ പലതും സ്റ്റോക്കില്ലാത്ത അവസ്ഥ തുടർച്ചയായുണ്ടായാൽ ആളുകൾ പിന്നീട് വരാൻ മടിക്കും. കേന്ദ്രാഭിമുഖ്യത്തിൽ മെഡിക്കൽ കോളേജുകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ ഫാർമസികളുടെ ഇപ്പോഴത്തെ ദുരവസ്ഥ ഇതിനു തെളിവാണ്. തുടക്ക കാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണിതെന്ന് ഓർക്കണം.

അവശ്യ മരുന്നുകൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഏറ്റവുമധികം ലാഭമെടുക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് രാജ്യത്തെ ഔഷധ കമ്പനികളും മെഡിക്കൽ സ്റ്റോറുകളും. വില നിയന്ത്രണ സംവിധാനമുണ്ടെങ്കിലും അതിനതീതമായാണ് ഔഷധ വില നാൾക്കുനാൾ ഉയരുന്നത്.

Advertisement
Advertisement