കൊൽക്കത്തയിലെ ക്രൂര കൊലപാതകം, സ്ത്രീകൾക്കെതിരായ അക്രമം വച്ചുപൊറുപ്പിക്കില്ല: രാഷ്ട്രപതി

Thursday 29 August 2024 1:38 AM IST

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.

ഇനിയുമിത് വച്ചുപൊറുപ്പിക്കാൻ കഴിയില്ല. സഹിക്കാവുന്നതിന്റെ പരമാവധിയാണിത്. രാജ്യം ഉണരേണ്ട സമയമാണ്. സ്ത്രീയെ അശക്തയായി കാണുന്ന മനഃസ്ഥിതിയെ തുറന്നെതിർക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു. കൊൽക്കത്തയിൽ പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ,വാർത്താ ഏജൻസിക്ക് നൽകിയ ലേഖനത്തിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.കൊൽക്കത്തയിലെ അതിക്രമം അറിഞ്ഞപ്പോൾ താൻ സ്‌തബ്‌ധയായി. പെൺമക്കളെയും സഹോദരിമാരെയും ഇത്തരം ക്രൂരതകൾക്ക് വിധേയരാക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് അനുവദിച്ചു കൊടുക്കാൻ കഴിയില്ല. പ്രതികരിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തിനുണ്ട്,​ തനിക്കുമുണ്ട്. ഭയത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകളെ ഉയർത്തുന്നതിന് അവരുടെ പാതയിലെ തടസങ്ങൾ നീക്കാൻ രാജ്യത്തിന് ഉത്തരവാദിത്വമുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സമൂഹം കൂട്ടമറവിയെ

ആശ്രയിക്കുന്നു

2012ലെ നി‌ർഭയ സംഭവം മുതൽ 12 വർഷം രാജ്യത്ത് നിരവധി മാനഭംഗങ്ങൾ നടന്നു. എന്നാൽ സമൂഹം പാഠമുൾക്കൊണ്ടോ? പ്രതിഷേധങ്ങൾ അവസാനിക്കുന്നതോടെ ആഴത്തിലുള്ള മറവിയിലേക്ക് ഇവ മറയും. മറ്റൊരു ക്രൂരകൃത്യം നടക്കുമ്പോൾ മാത്രം വീണ്ടും ഓർമ്മിക്കും. ചരിത്രത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്ന സമൂഹം കൂട്ടമറവിയെ ആശ്രയിക്കുകയാണ്. സത്യസന്ധമായും ​നിഷ്‌പക്ഷമായും സമൂഹം ആത്മപരിശോധന നടത്തണം. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ സ്വയം ചോദിക്കണം. സ്ത്രീയെ കുറഞ്ഞതരം മനുഷ്യജീവിയായി, അശക്തയായി, കഴിവില്ലാത്തവളായി,ബുദ്ധിശക്തിയില്ലെന്ന നിലയിൽ കാണുന്ന നിന്ദ്യമായ മാനസികാവസ്ഥ വച്ചുപുലർത്തുന്നു. അതും കടന്ന് വെറും വസ്‌തുവായും കണക്കാക്കുന്നു. ചരിത്രത്തെ സമൂഹം അഭിമുഖീകരിക്കുക തന്നെ വേണം. ഇത്തരം വൃത്തികേടുകളെ സമഗ്രമായ രീതിയിൽ നമുക്ക് കൈകാര്യം ചെയ്യാം. ഭാവിയിൽ നിർഭയ പോലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകാൻ കഴിയുമോയെന്ന് രക്ഷാബന്ധൻ ആഘോഷത്തിനെത്തിയ പെൺകുട്ടികൾ തന്നോട് നിഷ്‌കളങ്കമായി ചോദിച്ചെന്നും ദ്രൗപദി മുർമു ലേഖനത്തിൽ പറയുന്നു.

വിമർശിച്ച് തൃണമൂൽ

കൊൽക്കത്ത സംഭവത്തിൽ മാത്രം പ്രതികരിക്കുന്ന രാഷ്ട്രപതി, സമാനമായ മറ്റു സംഭവങ്ങളിൽ നിശബ്‌ദത പാലിച്ചത് എന്തിനെന്ന് തൃണമൂൽ കോൺഗ്രസ്. ഉന്നാവ്,ഹാഥ്റസ്,ബിൽക്കിസ് ബാനു,​ മണിപ്പൂർ സംഭവങ്ങൾ ഹൃദയത്തെ ഉലച്ചില്ലേയെന്ന് പാർട്ടി വക്താവ് കുനാൽ ഘോഷ് ചോദിച്ചു. കായികതാരം സാക്ഷി മാലിക് തുടങ്ങിയവർ പ്രതിഷേധമുയർത്തിയ സമയത്ത് നിശബ്‌ദയായത് എന്തുകൊണ്ട്?​ ബി.ജെ.പിക്കെതിരെ സംസാരിക്കാൻ ബുദ്ധിമുട്ടാണോയെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement