6,456 കോടിയുടെ 3 റെയിൽവേ പദ്ധതികൾക്ക് അംഗീകാരം
ന്യൂഡൽഹി: ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന
ഏകദേശം 6,456 കോടി രൂപയുടെ മൂന്ന് റെയിൽവേ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലെ റെയിൽ പാതയിൽ 296 കിലോമീറ്റർ വർദ്ധനയുണ്ടാകും. ഒഡീഷയിൽ നുവാപദ-ബർഗഡ്, ഒഡീഷയിലെ സുന്ദർഗഡ്-ഛത്തീസ്ഗഢിലെ റായ്ഗഡ്, ജാർഖണ്ഡിലെ കിഴക്കൻ സിംഗ്‌ബം-ബംഗാളിലെ പരുലിയ, ബർദ്ധമാൻ ജില്ലകളെയാണ് പദ്ധതികൾ ബന്ധിപ്പിക്കുക. 14 പുതിയ സ്‌റ്റേഷനുകളും നിർമ്മിക്കും, ഏകദേശം 1,300 ഗ്രാമങ്ങൾക്കും 11 ലക്ഷം ജനങ്ങൾക്കും കണക്റ്റിവിറ്റി ലഭ്യമാക്കും.
കാർഷികോത്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിർ, ഉരുക്ക്, സിമന്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിത്.
രാജ്യത്തെ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എ.ഐ.എഫ്) പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. കമ്മ്യൂണിറ്റി ഫാമിംഗ് കഴിവുകൾ വർദ്ധിപ്പിച്ച് ഉത്പാദനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്ന പ്രായോഗിക പദ്ധതികളുടെ വികസനം ലക്ഷ്യമിട്ടാണിത്.