നൂറിലേറെ റഷ്യൻ ഗ്രാമങ്ങൾ പിടിച്ചെടുത്ത് യുക്രെയിൻ
മോസ്കോ: റഷ്യയിലെ കുർസ്‌ക് മേഖലയിലെ നൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും പിടിച്ചെടുത്തെന്ന് യുക്രെയിൻ. 1,294 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശത്തിന്റെ നിയന്ത്രണവും സ്വന്തമാക്കി. ഈ മാസം 6 മുതലാണ് യുക്രെയിൻ സൈനികർ റഷ്യൻ അതിർത്തി കടന്ന് കുർസ്‌കിലേക്ക് കടന്നുകയറ്റം തുടങ്ങിയത്.
റഷ്യ തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണത്തിന് പ്രതിരോധം തീർക്കാനാണ് കടന്നുകയറ്റമെന്ന് യുക്രെയിൻ പറയുന്നു. 594 റഷ്യൻ സൈനികരെ ഇതുവരെ പിടികൂടിയെന്ന് യുക്രെയിൻ സൈനിക മേധാവി ഒലക്സാണ്ടർ സിർസ്‌കി പ്രതികരിച്ചു. കടന്നുകയറ്റത്തിന് തിരിച്ചടിയായി യുക്രെയിൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചു. ഇന്നലെ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ റോസ്‌തോവിലെ എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു.
അതേ സമയം, കുർസ്കിലെ ആണവ നിലയം ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി തലവൻ സന്ദർശിച്ചു. നിലയം ആക്രമിക്കാൻ യുക്രെയിൻ ശ്രമിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആരോപിച്ചിരുന്നു. നിലയത്തിന് ചുറ്റുമുള്ള സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ നിലയത്തിന് കഴിഞ്ഞേക്കില്ലെന്നും ഏജൻസി വ്യക്തമാക്കി.