'ബിജെപി സർക്കാരിനെ പുകഴ്‌ത്തിയാൽ മാസം എട്ടുലക്ഷം രൂപ കൈക്കൂലി'; പുതിയ നയത്തിനെതിരെ പ്രമുഖ യൂട്യൂബർ

Thursday 29 August 2024 10:12 AM IST

മുംബയ്: ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന പുതിയ സമൂഹ മാദ്ധ്യമ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂട്യൂബർ ധ്രുവ് രതി. സംസ്ഥാന സർക്കാരിന്റെ നയങ്ങളും പദ്ധതികളും സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്ക് പണം നൽകുന്നതാണ് പുതിയ നയം. ഇങ്ങനെ സർക്കാരിനെ പുകഴ്‌ത്തിപ്പറയുന്ന ഇൻഫ്ലുവൻസർമാർക്ക് എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കാം.

'നമ്മൾ നികുതി നൽകുന്ന പണം ഇൻഫ്ലുവൻസർമാർക്ക് കൈക്കൂലി നൽകാനാണ് യോഗി ആദിത്യനാഥ് ഉപയോഗിക്കുന്നത്. ഇങ്ങനെ സർക്കാർ നൽകുന്ന പണം നിങ്ങൾ സ്വീകരിക്കരുത്. പണത്തിനുവേണ്ടി മാത്രം യോഗി സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നവരെ നമ്മൾ പരസ്യമായി നാണംകെടുത്തണം. സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നവർക്ക് പണം നൽകുമെന്ന് യുപി സർക്കാർ‌ പറയുന്നു. ഇത് നിയമാനുസൃതമായ കൈക്കൂലിയാണ് ', ധ്രുവ് രതി തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നവർക്ക് അവരുടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം അനുസരിച്ചാണ് പണം നൽകുന്നത്. എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പ്രോത്സാഹിപ്പിക്കുന്നവർക്ക് പ്രതിമാസം രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ നൽകും. യൂട്യൂബർമാർക്ക് നാല് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയാണ് നൽകുക. ഇങ്ങനെ പണം സ്വീകരിക്കുന്ന ഇൻഫ്ലുവൻസർമാർ അവരുടെ അക്കൗണ്ടുകളിലൂടെ സാമൂഹിക വിരുദ്ധവും ദേശവിരുദ്ധവും അപകീർത്തികരവുമായ കണ്ടന്റുകൾ പുറത്തുവിട്ടാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പുതിയ നയത്തിലൂടെ സർക്കാരിന് അധികാരമുണ്ട്. ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ളവർക്കാണ് ഉയർന്ന തുകയായ എട്ട് ലക്ഷം ലഭിക്കുക.

നിലവിൽ 24 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ധ്രുവ് രതിക്ക് യൂട്യൂബിലുള്ളത്. എക്‌സിൽ 2.8 ദശലക്ഷം, ഇൻസ്റ്റാഗ്രാമിൽ 12 ദശലക്ഷം ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ധ്രുവ് രതിയുടെ വീഡിയോകൾ കാണുന്നത്. പല വീഡിയോകളും യൂട്യൂബിൽ ട്രെൻഡിംഗ് ആണ്.

യുപി സർക്കാർ കൊണ്ടുവന്ന പുതിയ സമൂഹ മാദ്ധ്യമ നയത്തിനെതിരെ വിമർശനവുമായി നിരവധി ഇന്റർനെറ്റ് ഉപയോക്താക്കളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

Advertisement
Advertisement