ചുമ്മാ കാപ്പി കുടിച്ചിരുന്നാൽ മതി, ലക്ഷങ്ങൾ സമ്പാദിക്കാം; കോഫി ടേസ്റ്റർ കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം

Thursday 29 August 2024 12:20 PM IST

കോഫി ടേസ്റ്ററാകാൻ ആഗ്രഹിക്കുന്നവർക്ക് കോഫി ബോർഡ് നടത്തുന്ന കോഫി ക്വാളിറ്റി മനേജ്മെന്റ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം. ചിക്കമംഗളൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. ജീവശാസ്ത്ര, കാർഷിക, ബയോടെക്, ഫുഡ് ടെക്‌നോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മികവ്, പേഴ്സണൽ ഇന്റർവ്യൂ, സെൻസറി വിലയിരുത്തൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കോഫി ഇൻഡസ്ട്രി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്‌പോൺസർഷിപ് സീറ്റുകളുണ്ട്. സെപ്തംബർ 16വരെ അപേക്ഷിക്കാം.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കോഫി ബോ‌ർഡ് ഒഫ് ഇന്ത്യയാണ് കോഴ്‌സ് നടത്തുന്നത്. കാപ്പിയുടെ രുചി വ്യത്യാസങ്ങൾ പഠിക്കാനുള്ള രാജ്യത്തെ ഏക കോഴ്‌സ് ആണിത്.

കാപ്പി രുചിച്ചുനോക്കി ഇതെവിടെ ഉത്‌പാദിപ്പിച്ചു എന്നതടക്കം പറയുന്നതാണ് കോഫി ടേസ്റ്ററുടെ മിടുക്ക്. അളവിൽ എന്ത് മാറ്റം വരുത്തിയാൽ എത്രമാത്രം രുചിക്കൂട്ടൊരുക്കാം എന്ന് ചിന്തിക്കാനും തിരിച്ചറിയാനും കഴിയണം. വിപണിയിലെ ട്രെൻഡുകൾ അറിഞ്ഞിരിക്കണം. കോഫി റോസ്റ്റർ എന്ന പോസ്റ്റിലും തൊഴിലവസരലമുണ്ട്. കോഫിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിൽ കാപ്പി വറുക്കുന്നതിന് വലിയ പങ്കുണ്ട്. കോഴ്‌സ് പഠിച്ചുകഴിഞ്ഞാൽ സ്വയം സംരംഭകരാവുകയും ചെയ്യാം. സ്റ്റാർബക്ക‌്‌സ്, ഡങ്കിൻ ഡോണട്ട് നെസ്‌കഫേ പോലുള്ള വമ്പൻ കോഫി ബ്രാൻഡുകളിൽ കോഫി ടേസ്റ്ററായി ജോലി ലഭിച്ചാൽ പ്രതിമാസം തന്നെ ലക്ഷങ്ങൾ സമ്പാദിക്കാം.

വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും coffeeboard.gov.in/News.aspx നിന്നും ഡൗൺലോഡ് ചെയ്യണം. നമ്പർ 1, ഡോ. ബി.ആർ. അംബേദ്കർ വീഥി, ബെംഗളൂരു -560 001 എന്ന വിലാസത്തിലുള്ള കോഫി ബോർജ് ഓഫീസിൽ നിന്നും ഫോം നേരിട്ട് വാങ്ങാം. 1500 രൂപയാണ് അപേക്ഷാഫീസ്.

പൂരിപ്പിച്ച അപേക്ഷാഫോമും അനുബന്ധ രേഖകളും ഡിവിഷണൽ ഹെഡ്, കോഫി ക്വാളിറ്റി, കോഫി ബോർഡ്, നമ്പർ 1, ഡോ. ബി.ആർ. അംബേദ്കർ വീഥി, ബെംഗളൂരു-560 001 എന്ന വിലാസത്തിൽ സെപ്‌തംബർ 16നകം അയക്കണം. ഒക്‌ടോബർ 18നാണ് അഭിമുഖവും തിരഞ്ഞെടുപ്പും. 2,50,000 ആണ് കോഴ്‌സ് ഫീസ്. പട്ടികവിഭാഗക്കാർക്ക് 1,25,000 രൂപ. ഇമെയിൽ: hdqcoffeeboard@gmail.com

Advertisement
Advertisement