ഫോണിലൂടെ പരിചയപ്പെട്ട ആൾക്ക് വീട്ടമ്മ നൽകിയത് ഒരു കോടി രൂപ; അമളി മനസിലായപ്പോൾ പ്രതി മുങ്ങി

Thursday 29 August 2024 12:51 PM IST

കൊച്ചി: വീട്ടമ്മയെ പറ്റിച്ച് ഒരു കോടിയോളം രൂപ തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഓൺലെെൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓൺലെെൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മാബാദിൽ നിന്ന് പിടിയിലായ വിജയ് സോൻഖർ.

സാമൂഹിക മാദ്ധ്യങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ഓൺലെെൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം ഉണ്ടാകാമെന്ന് പറഞ്ഞ് പണം കെെക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. മാസങ്ങൾക്ക് മുൻപാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെ പരിചയപ്പെടുന്നത്. ഓൺലെെൻ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയിൽ കുറച്ച് തുക നൽകി.

പിന്നാലെ വീട്ടമ്മ കൂടുതൽ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിച്ച പണത്തിന് വൻ ലാഭം സാമൂഹികമാദ്ധ്യമത്തിലെ പേജുകളിൽ പ്രദർശിപ്പിച്ചു. ഇങ്ങനെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് വീട്ടമ്മ നൽകിയത്. ഒടുവിൽ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അമളി മനസിലായത്. പിന്നാലെ തട്ടിപ്പ് സംഘം അപ്രത്യക്ഷരായി. ബന്ധപ്പെട്ടിരുന്ന ഫോൺനമ്പറും പ്രവർത്തന രഹിതമായി. ഇതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. ദിവസങ്ങൾ നീണ്ട പൊലീസിന്റെ ശ്രമങ്ങൾക്കൊടുവിലാണ് പ്രതിയെ പിടിക്കാനായത്.

Advertisement
Advertisement