തലസ്ഥാനത്ത് കഞ്ചാവ് വേട്ട: നിർത്താതെപോയ കാറിനെ പിന്തുടർന്ന് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

Thursday 29 August 2024 4:45 PM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് നാലുകിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് രാജീവ് (57), അനൂപ് (35) എന്നിവരെ അറസ്റ്റ് ചെയ്തു.

വാഹന പരിശോധന നടത്തുന്നതിനിടെ കൈ കാണിച്ചപ്പോൾ നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി പരിശോധിച്ച് കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. പ്രതികളെയും തൊണ്ടി മുതലിനെയും നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി.

പ്രിവന്റീവ് ഓഫീസർ പി.ബി.ഷാജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ എം.വിശാഖ്, അജയൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ.രജിത്ത്, പ്രശാന്ത് ലാൽ, ആർ.രാജീവ്, ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തത്.

മറ്റൊരുസംഭവത്തിൽ മലപ്പുറം ചേളാരിയിൽ 7.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ചേളാരി സ്വദേശി ഷണ്മുഖ ദാസൻ (38 ) ആണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷനൂജ്.കെ.ടി യും സംഘവുമാണ് കേസ് കണ്ടെടുത്തത്. കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച യമഹ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ബിജു, കെ.പ്രദീപ്‌ കുമാർ, എം.രാകേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ.എം.എം, അരുൺ പാറോൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എം.ലിഷ എന്നിവർ അംഗങ്ങളായിരുന്നു.

Advertisement
Advertisement