ജയസൂര്യക്കെതിരെയുള്ള നടിയുടെ പീഡന പരാതി; ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കാൻ പൊലീസ്
തിരുവനന്തപുരം: ജയസൂര്യക്കെതിരായ പീഡനക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സിനിമയുടെ ലോക്കേഷനിൽ വച്ചാണ് അതിക്രമം നടന്നതെന്നാണ് നടി പരാതി നൽകിയത്. കേസിൽ കന്റോൺമെന്റ് പൊലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി പൊലീസ് തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
2008ൽ ബലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സിനിമയുടെ ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടറിയേറ്റിലായിരുന്നു. ഇവിടെവച്ച് ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തും.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ലെെംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസെടുത്തത്.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്കെതിരെയാണ് പരാതി.