ദക്ഷിണ റെയിൽവേയ്ക്ക് കേന്ദ്രത്തിന്റെ സ്പെഷ്യൽ സമ്മാനം; രണ്ട് വന്ദേഭാരത് എക്‌സ്‌പ്രസുകൾ കൂടി ട്രാക്കിലിറങ്ങും
ചെന്നൈ: ദക്ഷിണറെയിൽവേയ്ക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു. സർവീസുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രേമാേദി നാളെ നിർവഹിക്കും. ഇതിനൊപ്പം മീററ്റ്-ലക്നൗ വന്ദേഭാരത് ട്രെയിൻ സർവീസും നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ചെന്നൈ എഗ്മോർ-നാഗർകോവിൽ, ബംഗളൂരു കന്റോൺമെന്റ് - മധുര റൂട്ടുകളിലാവും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ഉച്ചയ്ക്ക് 12.30ന് ചെന്നൈയിൽ നിന്ന് യാത്രതുടങ്ങുന്ന ട്രെയിൻ രാത്രി ഒൻപതരയ്ക്ക് നാഗർകോവിലിൽ എത്തും.
രണ്ടാമത്തെ ട്രെയിൻ ഉച്ചയ്ക്ക് 12.30ന് മധുരയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒൻപതരയ്ക്ക് ബംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും. സ്പെഷ്യൽ സർവീസായാണ് തുടക്കമെങ്കിലും അടുത്തമാസം രണ്ടുമുതൽ ഇത് റെഗുലർ സർവീസായി മാറും. അപ്പോൾ സമയത്തിൽ മാറ്റമുണ്ടാവും.
റെഗുലർ സർവീസാവുകുമ്പോൾ രാവിലെ അഞ്ചുമണിക്ക് ചെന്നൈയിൽ നിന്ന് യാത്രതുടങ്ങുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും. തിരിച്ച് 2.20ന് നാഗർകോവിലിൽ നിന്ന് യാത്രതുടങ്ങുന്ന ട്രെയിൻ രാത്രി പതിനൊന്നിന് ചെന്നൈയിൽ എത്തും. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല.
രണ്ടാമത്തെ ട്രെയിൻ രാവിലെ 5.15ന് മധുരയിൽ നിന്ന് പുറപ്പെട്ട് ഉച്ചത് ഒരുമണിയോടെ ബംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും. ഒന്നരയോടെ തിരിച്ചുള്ള യാത്രതുടങ്ങുന്ന ട്രെയിൻ രാത്രി 9.45ന് മധുരയിൽ തിരിച്ചെത്തും. ചൊവ്വാഴ്ച സർവീസ് ഉണ്ടാവില്ല.
അതിനിടെ,കേരളത്തിൽ ഓണക്കാലത്ത് യാത്രക്കാരുടെ തിരക്കേറുമ്പോൾ എറണാകുളം - ബംഗളൂരു റൂട്ടിലെ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസ് എറണാകുളത്തെ ട്രാക്കിൽ വിശ്രമിക്കുകയാണ്. ബംഗളൂരുവിൽ നിന്ന് വൻ തുക മുടക്കിയാണ് പലരും ബസ് ടിക്കറ്റെടുക്കുന്നത്. സർവീസ് തുടരണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടും റെയിൽവേ പരിഗണിച്ചില്ല.
ഈ മാസം 26വരെ സർവീസ് നടത്തിയ എട്ട് കോച്ചുള്ള വന്ദേഭാരത് റേക്ക് ഇപ്പോൾ എറണാകുളം ജംഗ്‌ഷൻ (സൗത്ത് ) റെയിൽവേ സ്റ്റേഷനിലാണുള്ളത്. സർവീസ് തുടരാനുള്ള ഒരുക്കങ്ങൾ എറണാകുളത്തെ അധികൃതർ നടത്തിയിരുന്നെങ്കിലും അതുസംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഓണം അടുപ്പിച്ചുള്ള ദിവസങ്ങളിൽ ബംഗളൂരു - എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായി. ഇനിയും ഉയരാനാണ് സാദ്ധ്യത.