കുറഞ്ഞ ചെലവിലെ വൈദ്യുതി ഉത്‌പാദനം

Saturday 31 August 2024 2:16 AM IST

കേരളം അടിസ്ഥാനപരമായി ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിർമ്മിക്കുന്ന, ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനാവശ്യമായ എല്ലാ സാധന സാമഗ്രികളും വാങ്ങുന്നതിൽ ഏറ്റവും മുന്നിലാണ് മലയാളികൾ. ഇവിടെ വളരെ ചെറിയൊരു ഗൃഹത്തിൽപ്പോലും എ.സി ഒഴികെയുള്ള അത്യാവശ്യം എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ഉണ്ടായിരിക്കും. ഇതെല്ലാം പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമാണ്. നമുക്ക് ആവശ്യമായത്ര വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പോരാത്തത് പുറമെ നിന്ന് വാങ്ങുകയാണ്. ഇതിന് ഭീമമായ ചെലവ് വേണ്ടിവരുന്നു. വേനൽ കടുത്താൽ വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യും. അതിനാൽ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണ്.

പ്രധാനമായും നമ്മൾ വെള്ളത്തിൽ നിന്നാണ് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്. വൻകിട ജലവൈദ്യുതി പദ്ധതികളൊന്നും പല കാരണങ്ങളാൽ നമുക്ക് ഇനി തുടങ്ങാനും നടപ്പാക്കാനും ആവില്ല. അതിനാൽ ആണവ ഇന്ധനത്തിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന നിലയം തുടങ്ങാൻ തന്നെ നമ്മൾ ആലോചനകൾ നടത്തുകയാണ്. ഇതിനിടെ രണ്ട് ചെറിയ ജലവൈദ്യുതി പദ്ധതികൾ അടുത്ത മാസം കമ്മിഷൻ ചെയ്യാൻ പോകുന്നത് ആശ്വാസമാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്‌സ്റ്റൻഷൻ പദ്ധതിയും 40 മെഗാവാട്ടിന്റെ തൊട്ടിയാർ പദ്ധതിയുമാണത്. കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനത്തിന് കൽക്കരി ക്വാട്ട അനുവദിച്ചത് കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഇടയാക്കുന്നതാണ്. ഇതാദ്യമായാണ് സംസ്ഥാനത്തിന് കൽക്കരി ക്വാട്ട ലഭിക്കുന്നത്. കുറഞ്ഞ ചെലവിൽ 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് ഇതോടെ വഴിതുറക്കും.

കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കോൾ ലിങ്കേജ് അനുവദിച്ച് ഉത്തരവായതോടെ ഇന്ത്യയുടെ ഏതെങ്കിലും കൽക്കരിപ്പാടത്തുനിന്ന് എ- 13 ഗ്രേഡിലുള്ള കൽക്കരി സംസ്ഥാനത്തിന് ലഭിക്കും. ഇതുപയോഗിച്ച് സ്വന്തമായോ സംസ്ഥാനത്തിനു പുറത്തുള്ള താപനിലയങ്ങളിൽ നിന്നോ വൈദ്യുതി ഉത്‌പാദിപ്പിക്കാം. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും കെ.എസ്.ഇ.ബിയുടെയും നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമത്തിന്റെയും പരിണിതഫലമെന്നോണമാണ് ഒടുവിൽ ഇത് സാദ്ധ്യമായിരിക്കുന്നത്. കൂടിയ ഗുണനിലവാരമുള്ള കൽക്കരി ഇനിമുതൽ റേഷൻ കിട്ടുന്നതുപോലെയാവും കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുക. ഇതുപയോഗിച്ച് നിർമ്മിച്ചാൽ യൂണിറ്റ് വൈദ്യുതിക്ക് 3 രൂപയ്ക്ക് ലഭ്യമാക്കാനാകും. അല്ലെങ്കിൽ യൂണിറ്റിന് 8 രൂപ മുതൽ 12 രൂപ വരെയും വേനൽക്കാലത്ത് 20 രൂപ വരെയും വിലയുണ്ട്.

കുറഞ്ഞ ചെലവിലുള്ള ഇത്തരം വൈദ്യുതി ഉത്പാദനത്തിലാണ് കേരളം കൂടുതൽ ശ്രദ്ധിക്കേണ്ടത്. പാലക്കാട്ട് വ്യാവസായിക നഗരം കൂടി യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം ഇനിയും വർദ്ധിക്കും.

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടി തയ്യാറാക്കിയ റിസോഴ്സ് പ്ളാൻ പ്രകാരം 2031 - 32 ഓടെ കേരളത്തിന് 1473 മെഗാവാട്ടിന്റെ കൽക്കരി അധിഷ്ഠിത വൈദ്യുതി അധികമായി വേണ്ടിവരും. നിലവിലെ ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമാണ്. ഇത് കെ.എസ്.ഇ.ബി കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കൽക്കരി ക്വാട്ട അനുവദിക്കാൻ തയ്യാറായത്. സോളാർ വൈദ്യുതി വ്യാപകമാക്കിയാൽ നമുക്കാവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും നമുക്കുതന്നെ കണ്ടെത്താനാകും. ആ വഴിക്കും ഒരു സ്പെഷ്യൽ ഡ്രൈവിന് സംസ്ഥാനം തയ്യാറാകണം. പത്തുവർഷം കഴിയുമ്പോൾ വാഹനങ്ങളെല്ലാം വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്നതായി മാറും. ഇതൊക്കെ മുൻകൂട്ടി കണ്ടുള്ള ആസൂത്രണമാണ് ബോർഡ് ഇനി നടത്തേണ്ടത്.

Advertisement
Advertisement